modi
തുമകൂരുവിൽ സിദ്ധഗംഗ മഠത്തിൽശിവകുമാരസ്വാമി
സ്മാരക മ്യൂസിയത്തിന് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവർ പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചാണ് ശബ്ദിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കർണാടകത്തിലെ തുമകൂരുവിൽ പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധഗംഗ മഠത്തിൽ ശിവകുമാരസ്വാമി സ്മാരക മ്യൂസിയത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 70 വർഷമായി പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ അതിക്രമം നടക്കുകയാണ്. അഭയാർഥികളായെത്തുന്ന ഇവരെ സംരക്ഷിക്കേണ്ടതും പിന്തുണയ്ക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. പാകിസ്താൻ രൂപംകൊണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. മതന്യൂനപക്ഷങ്ങൾ അവിടെ പീഡിപ്പിക്കപ്പെടുന്നു. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പാകിസ്താനിൽ നടക്കുന്ന അതിക്രമത്തെക്കുറിച്ച് മൗനത്തിലാണ്. പാകിസ്താന്റെ പ്രവൃത്തികൾ ലോകത്തിനുമുന്നിൽ തുറന്നുകാട്ടാനാണ് ശ്രമിക്കേണ്ടത്.

നിങ്ങൾ പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ശബ്ദിക്കണം. നിങ്ങൾ റാലി നടത്തുന്നുണ്ടെങ്കിൽ അത് പാകിസ്താനിൽനിന്നുവന്ന ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടിയാകണം. ധർണ നടത്തുന്നുണ്ടെങ്കിൽ അത് പാകിസ്താന്റെ പ്രവൃത്തികൾക്കെതിരേയാകണം. ഇതിനുള്ള ആർജവം നിങ്ങൾക്കുണ്ടാകണം -പ്രതിഷേധക്കാരോട് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയോടുള്ള ഇന്ത്യയുടെ നയം മാറിയിരിക്കുകയാണ്. ജമ്മുകശ്മീരിൽ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമായി. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള വഴിതെളിഞ്ഞു. -പ്രധാനമന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിന് ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്‌റ്റർ മാർഗമാണ് തുമകൂരുവിലെത്തിയത്. സിദ്ധഗംഗ മഠാധിപതിയായിരുന്ന ശിവകുമാരസ്വാമിയുടെ സമാധി സന്ദർശിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അടക്കമുള്ള നേതാക്കളും പങ്കെടുത്തു.

Content Highlights; modi criticize protests over citizenship amendment act