ശിവഹർ (ബിഹാർ) : അതിർത്തി കടന്നെത്തുന്ന ഭീകരരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ.
ഭീകരപ്രവർത്തകർ രാജ്യത്ത് സ്വൈരവിഹാരം നടത്തുന്നതും പട്ടാളക്കാരെ വധിക്കുന്നതും ഇന്ന് പഴങ്കഥയാണ്. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഭീകരർക്ക് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നടന്നെത്താമായിരുന്നെന്നും ഷാ പറഞ്ഞു. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽപെട്ട മധുബനിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉറിയിലെയും പുൽവാമയിലെയും ഭീകരാക്രമണങ്ങൾക്ക് മറുപടിയായി മോദി സർക്കാർ പാകിസ്താനിൽ മിന്നലാക്രമണങ്ങൾ നടത്തിയപ്പോൾ രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും കരയുകയായിരുന്നു. അവർക്കന്ന് തെളിവ് വേണമായിരുന്നു. പാക് വാർത്താ ചാനലുകളിൽനിന്ന് അവർക്ക് തെളിവ് കിട്ടുമായിരുന്നു. നമ്മുടെ 40 സി.ആർ.പി.എഫ്. ഭടൻമാരെ വധിച്ച ഭീകരരോട് ചർച്ച നടത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ ഉപദേശകൻ സാം പിത്രോദ പറഞ്ഞത്. കശ്മീരിലെ സർക്കാരിന് പ്രധാനമന്ത്രി സ്ഥാനം നൽകണമെന്നാണ് രാഹുലിന്റെ മറ്റൊരു കൂട്ടുക്ഷിയായ ഒമർ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിനെ ഇന്ത്യയിൽ നിന്ന് തട്ടിയെടുക്കാനുള്ള പാക് നീക്കത്തിന് കുടപിടിക്കുകയാണ് ഇവരെല്ലാം. ഈ ശ്രമങ്ങളെയെല്ലാം ബി.ജെ.പി. അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും ചെറുത്തുതോൽപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. സിറ്റിങ് എം.പി. രമാദേവിയാണ് ശിവഹർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി. മേയ് 12-ന് ആണ് വോട്ടെടുപ്പ്.
content highlights: amit sha, narendra modi, terrorism