ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് യു.പി. മന്ത്രിസഭ പുനഃസംഘടന നടക്കാത്തതെന്ന അഭ്യൂഹങ്ങൾക്കിടയിലാണിത്. രണ്ട് ദിവസമായി ഡൽഹിയിലുള്ള യോഗി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെയും കണ്ടിരുന്നു.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി.യിൽ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മന്ത്രിസഭ അഴിച്ചുപണിക്കുള്ള നീക്കം ഇതോടെ സജീവമായി. കഴിഞ്ഞദിവസം ബി.ജെ.പി.യിൽ ചേർന്ന ജിതിൻ പ്രസാദയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.

മോദിയും യോഗിയും തമ്മിൽ 2017 മുതൽ തന്നെ അകൽച്ച നിലവിലുണ്ട്. ആർ.എസ്.എസിന്റെ സമ്മർദത്തെത്തുടർന്നാണ് മോദിയുടെ എതിർപ്പിനെ മറികടന്ന് യോഗിയെ മുഖ്യമന്ത്രിയാക്കിയതെന്ന് പ്രചാരണമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എ.കെ. ശർമയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ യോഗി എതിർപ്പുയർത്തിയത് ഇരുവരും തമ്മിൽ സമീപകാലത്ത് അഭിപ്രായവ്യത്യാസം വർധിപ്പിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സംഘടനാ പ്രവർത്തനത്തിന് നിയോഗിച്ച് എ.കെ. ശർമയെ ഉപമുഖ്യമന്ത്രിയാക്കണമെന്നതാണ് മോദിയുടെ നിലപാട്. ഇത് തനിക്കുമേൽ അധികാരമുറപ്പിക്കാനാണെന്നാണ് യോഗി കരുതുന്നത്. ശർമ കഴിഞ്ഞദിവസം ഡൽഹിയിലെത്തി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് ദേശീയ ഉപാധ്യക്ഷൻ രാധാമോഹൻ സിങ് കഴിഞ്ഞദിവസം ലഖ്‌നൗവിൽ പറഞ്ഞു.

ജാതിരാഷ്ട്രീയം നിർണായകമായ യു.പി.യിൽ ഠാക്കൂർ വിഭാഗക്കാരനായ യോഗി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ബ്രാഹ്മണ വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന പരാതി പരിഹരിക്കാനാണ് മന്ത്രിസഭയിൽ ജിതിൻ പ്രസാദയെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. നിയമസഭാ കൗൺസിലിലൂടെ മന്ത്രിസഭയിലെത്തിക്കാനാണ് ആലോചന. ജിതിൻ വെള്ളിയാഴ്ച യോഗിയെ കണ്ടു.

കർഷകസമരം മൂലം പാർട്ടിക്ക് ക്ഷീണമുണ്ടായ പശ്ചിമ യു.പി.യിൽ തിരിച്ചുവരവിനായി സംസ്ഥാനനേതൃത്വം ശ്രമങ്ങൾ തുടങ്ങി. 2017-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പടിഞ്ഞാറൻ യു.പി. ബി.ജെ.പി.യെ പിന്തുണച്ചിരുന്നു. കാർഷിക മേഖലകളായ ബറേലി, മുസഫർനഗർ, സഹ്രാൻപൂർ, ഷാംലി തുടങ്ങിയ 14 ജില്ലകളിലെ ജാഠ് വിഭാഗങ്ങൾ ബി.ജെ.പി.യുടെ ഉറച്ച വോട്ടുബാങ്കുകളായിരുന്നു. കർഷക സമരത്തോടെ ഈ മേഖലകൾ പാർട്ടിയെ കൈവിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.പി., ബി.എസ്.പി., കോൺഗ്രസ്, ആർ.എൽ.ഡി. പാർട്ടികളാണ് നേട്ടമുണ്ടാക്കിയത്.