ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിവെച്ച യാത്രയാണിത്. തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ത്യാഗം ചെയ്തു. ആ യാത്ര പ്രസക്തമായ ഒരു നാഴികക്കല്ലിലെത്തിയിരിക്കുന്നുവെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

സത്യപ്രതിജ്ഞയ്ക്കുശേഷം രാഷ്ട്രപതി നടത്തിയ പ്രസംഗത്തെയും മോദി വാഴ്ത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത്, വൈവിധ്യം എന്നിവയുടെ ആകത്തുകയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗമെന്ന് മോദി പറഞ്ഞു.