ന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് പൊതുസ്വഭാവമില്ലെന്നു കേന്ദ്രസർക്കാർ. സാമുദായിക സംഘർഷം തടയാൻ പ്രത്യേക നിയമനിർമാണത്തിന്റെ ആവശ്യമില്ലെന്നും ആഭ്യന്തരസഹമന്ത്രി ജി.ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു.

രാജ്യത്ത് സാമുദായിക സംഘർഷം കുറഞ്ഞുവരികയാണെന്നാണ് കെ.കെ. രാഗേഷിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞത്. സാമുദായിക സംഘർഷങ്ങളുടെ കണക്കില്ലെന്നുപറഞ്ഞ സർക്കാരിന് എവിടെനിന്നാണ് ഇവ കുറഞ്ഞെന്ന വിവരം ലഭിച്ചതെന്നു രാഗേഷ് ചോദിച്ചു. 2014 മുതൽ 2017 വരെ സാമുദായിക സംഘർഷങ്ങളുടെ കണക്ക് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ശേഖരിച്ചിരുന്നതായും പിന്നീട് ചില സംസ്ഥാനങ്ങൾ എതിർത്തതിനെത്തുടർന്ന് നിർത്തിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കണക്കുകളിൽ വൈരുധ്യമുണ്ടായതിനെത്തുടർന്നാണ് പരാതികളുയർന്നത്.

ഇന്റലിജൻസ് ബ്യൂറോയുടെ കണക്കുകൾ തന്റെ കൈവശമുണ്ടെന്നും അതുപ്രകാരം 2013-ൽ 823 സാമുദായിക സംഘർഷങ്ങളുണ്ടായിരുന്നത് 2018-ൽ 708 ആയി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. സാമുദായികസംഘർഷങ്ങൾ തടയാൻ പുതിയ നിയമനിർമാണം പരിഗണനയിലുണ്ടോയെന്ന ചോദ്യത്തിന്, ഇപ്പോഴുള്ള നിയമങ്ങൾ പര്യാപ്തമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ക്രമസമാധാനം സംസ്ഥാന വിഷയമാണ്. ആൾക്കൂട്ട ആക്രമണങ്ങൾ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ത്രിപുരയിലും ബംഗാളിലും കേരളത്തിലും ഇത്തരം സംഭവങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും നേരെ ആക്രമണമുണ്ടാകുന്നതായി ഗുലാം നബി ആസാദ് പറഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകർ ചില മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content highlights; Mob lynchings Home ministry