ന്യൂഡൽഹി : അൽവറിലെ ആൾക്കൂട്ടക്കൊലയെച്ചൊല്ലി തിങ്കളാഴ്ച ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെ പ്രതിരോധിച്ച്‌ ബി.ജെ.പി. അംഗങ്ങളും രംഗത്തിറങ്ങിയതോടെ സഭയിൽ ബഹളമായി.

ശൂന്യവേളയിൽ കോൺഗ്രസ് അംഗം കരൺ സിങ് യാദവാണ് വിഷയം ഉന്നയിച്ചത്. പശു സംരക്ഷണത്തിന്റെപേരിൽ രാജസ്ഥാനിൽ തുടർച്ചയായി ആൾക്കൂട്ടക്കൊലകൾ നടക്കുകയാണെന്നും ഇതു തടയാൻ നടപടി വേണമെന്നും യാദവ് ആവശ്യപ്പെട്ടു. പശുസംരക്ഷകരാണ് ഈ ആൾക്കൂട്ടക്കൊലകൾക്ക് പിന്നിൽ. അക്രമത്തിനിരയായ ആളെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് പശുവിനെ ഗോശാലയിലെത്തിക്കാനാണ് പോലീസ് മുതിർന്നത് - അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് അംഗം ജ്യോതിരാദിത്യ സിന്ധ്യ കഠുവ വിഷയം ഉന്നയിച്ചപ്പോഴും ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധിച്ചു. മധ്യപ്രദേശിലെ മംദ്സോറിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം സിന്ധ്യ വിവരിക്കുമ്പോൾ വിഷയത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ സുമിത്രാ മഹാജൻ തടഞ്ഞു. എല്ലാ സംഭവത്തിലും രാഷ്ട്രീയം കലർത്തരുതെന്നും താനും ഒരു സ്ത്രീയാണെന്നും അവർ പറഞ്ഞു.