ജയ്‌പുർ: പെഹ്‌ലുഖാൻ ആൾക്കൂട്ടക്കൊലക്കേസിലെ സാക്ഷികൾ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതർ വെടിവെച്ചു. സാക്ഷിപറയാനായി ബെഹ്‌രൂരിലേക്ക് പോകുംവഴി രാജസ്ഥാനിലെ അൽവാർ ദേശീയപാതയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

സാക്ഷികളായ അസ്മത്, റഫീഖ്, പെഹ്‌ലു ഖാന്റെ മക്കളായ ഇർഷാദ്, ആരിഫ്, അഭിഭാഷകൻ ആസാദ് ഹയാത്, ഡ്രൈവർ അംജാദ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. നീംരാന കഴിഞ്ഞപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത ഒരു കറുത്ത എസ്.യു.വി. പിന്തുടർന്നെത്തി തങ്ങളോട് കാർ നിർത്താനാവശ്യപ്പെട്ടെന്ന് അഭിഭാഷകൻ പറഞ്ഞു. കാറിനടുത്തെത്തിയപ്പോൾ വെടിവെക്കുകയുമായിരുന്നു. തുടർന്ന് മറ്റൊരു വഴിയിലൂടെ അൽവാറിലെത്തി തങ്ങൾ എസ്.പി.യെ കാണാൻ ശ്രമിച്ചെന്നും ഇവർ പറഞ്ഞു.

എന്നാൽ, ഇവർ തന്നെ സമീപിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നുമാണ് എസ്.പി. രാജേന്ദ്രസിങ്ങിന്റെ പ്രതികരണം. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകരുടെ ആക്രമണത്തിൽ പെഹ്‌ലുഖാൻ കൊല്ലപ്പെടുന്നത്.