ന്യൂഡൽഹി: ആൾക്കൂട്ടക്കൊലയെച്ചൊല്ലി വ്യാഴാഴ്ച ലോക്‌സഭയിൽ ബി.ജെ.പി.യും പ്രതിപക്ഷവും ഏറ്റുമുട്ടി. ഇത്തരം കൊലപാതകങ്ങൾ നിരന്തരം നടന്നിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‌വ്യാഴാഴ്ച ശൂന്യവേളയിൽ കോൺഗ്രസിലെ കെ.സി. വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്.

ആൾക്കൂട്ടക്കൊല രാജ്യത്ത് പതിവായിരിക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. ആരെങ്കിലും എതിരഭിപ്രായം ഉയർത്തിയാൽ അവരെ കൊല്ലുകയെന്നതാണ് രീതി. ചർച്ചയും സംവാദവും ജനാധിപത്യത്തിന്റെ ശക്തിയാണ്. അതിനനുവദിക്കാതെ ഹനിക്കുകയാണ് ചെയ്യുന്നത്. സ്വാമി അഗ്നിവേശിനെതിരേ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെ ജാർഖണ്ഡിലെ മന്ത്രി തന്നെ ന്യായീകരിച്ചിരിക്കുന്നു. മറ്റൊരിടത്ത് അക്രമികളെ കേന്ദ്രമന്ത്രി ജയന്ത് സിൻഹ മാലയിട്ട് സ്വീകരിച്ചു. എതിരഭിപ്രായമുള്ളവരെ മാത്രമല്ല, സ്വപക്ഷത്തുള്ളവരെയും വെറുതേവിടുന്നില്ല. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരേ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ് -വേണുഗോപാൽ പറഞ്ഞു.

വേണുഗോപാലിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷം നിരന്തരം ശ്രമിച്ചു. ഇതോടെ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റമായി. വിഷയത്തിൽ ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇത്തരം സംഭവങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ടു. ആൾക്കൂട്ടക്കൊലയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപകാലത്ത് രണ്ടുവട്ടം സംസ്ഥാനങ്ങൾക്ക് കേന്ദ്രം മാർഗനിർദേശങ്ങൾ നൽകിയിരുന്നു -രാജ്‌നാഥ് സിങ് പറഞ്ഞു. ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനെത്തുടർന്നാണ് ആൾക്കൂട്ടക്കൊല ഉണ്ടാകുന്നത്. അതിനാൽ സാമൂഹികമാധ്യമങ്ങൾ ഇക്കാര്യം പരിശോധിക്കണമെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച്‌ ഇടതുപാർട്ടികൾ ഇറങ്ങിപ്പോയി. ആൾക്കൂട്ടക്കൊല തടയാൻ നിയമം വേണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.