ഐസ്വാൾ: കോവിഡ് ആശുപത്രിയുടെ നിലം ശുചിയാക്കി മിസോറം വൈദ്യുതിവകുപ്പുമന്ത്രി ആർ. ലാൽ‌സിർ‌ലി. കോവിഡ് ബാധിതനായി സോറം മെഡിക്കൽ കോളേജിൽ ചികിത്സതേടിയ മന്ത്രി, തനിക്ക് വി.ഐ.പി. പരിഗണന വേണ്ടെന്നുപറഞ്ഞിരുന്നു.

വാർഡ് ശുചിയാക്കാൻ ശുചീകരണത്തൊഴിലാളിയെ വിളിച്ചെങ്കിലും ആരും എത്താത്തതിനെത്തുടർന്നാണ് മന്ത്രിതന്നെ നിലംതുടച്ചത്. തന്റെ പ്രവൃത്തി ആശുപത്രി ജീവനക്കാരെ വേദനിപ്പിക്കാനല്ലെന്നും ഇത്തരം കാര്യങ്ങൾ മുമ്പും ചെയ്തിട്ടുണ്ടെന്നും എഴുപത്തിയൊന്നുകാരനായ ലാൽസിർലി പറഞ്ഞു.

മറ്റുള്ളവർക്ക് മാതൃകയാകാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിലെത്തി. അദ്ദേഹം നിലം തുടക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതിനെത്തുടർന്നാണ് 12-നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

content highlights: mizoram minister cleans hospital floor