ഐസോൾ: മിസോറമിൽ മിസോ നാഷണൽ ഫ്രണ്ട് നേതാവ് സൊറാംഥംഗയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞചെയ്തു. ഗവർണർ കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പതിവിൽനിന്നു വ്യത്യസ്തമായി സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി പ്രാർഥനയും ബൈബിൾ വായനയും നടന്നു. പ്രതിജ്ഞയ്ക്കുശേഷം സുവിശേഷഗാനവും ആലപിച്ചു. ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലുന്ന പതിവും ഇത്തവണ ലംഘിച്ചു. മിസോ ഭാഷയിലാണ് എല്ലാവരും പ്രതിജ്ഞയെടുത്തത്.

മൂന്നാംതവണയാണ് സൊറാംഥംഗ മുഖ്യമന്ത്രിയാകുന്നത്. നേരത്തേ, 1998-ലും 2003-ലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മുൻമുഖ്യമന്ത്രി ലാൽ തൻഹാവ്‌ല, ഭാര്യ ലാൽ റിലിയാനി, മുൻമന്ത്രിമാർ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മിസോ നാഷണൽ ഫ്രണ്ട് എൻ.ഡി.എ. വിടില്ലെന്ന് മുഖ്യമന്ത്രി സൊറാംഥംഗ സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.