ഐസോൾ: മിസോറം നിയമസഭാതിരഞ്ഞെടുപ്പിൽ 209 സ്ഥാനാർഥികൾ മത്സരിക്കും. 2013-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 67 പേർ അധികം. (അന്ന് 142 പേർ) ഇത്തവണ 15 സ്ത്രീകളുണ്ട്. 2013-ൽ ആറുവനിതകൾ മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല. മൊത്തം 40 നിയമസഭാ സീറ്റാണുള്ളത്.

കോൺഗ്രസും മിസോ നാഷണൽ ഫ്രണ്ടും (എം.എൻ.എഫ്.) മുഴുവൻ സീറ്റിലേക്കും മത്സരിക്കുന്നു. ബി.ജെ.പി.ക്ക് 39 സ്ഥാനാർഥികളാണുള്ളതെന്നും മിസോറം ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ സോരമ്മ്വാന അറിയിച്ചു.

ബി.ജെ.പി. നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ (എൻ.ഇ.ഡി.എ.) ഘടകക്ഷിയാണ് എം.എൻ.എഫ്. കഴിഞ്ഞതവണ എം.എൻ.എഫ്. 31 സീറ്റിൽ മത്സരിക്കുകയും അഞ്ചെണ്ണത്തിൽ ജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിനുശേഷം എം.എൻ.എഫ്. ബി.ജെ.പി.യുമായി ചേർന്ന് സഖ്യമുണ്ടാക്കുമെന്നാണ് കരുതുന്നത്.

ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന് ഏതാനും എം.എൽ.എ.മാർ രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നതോടെ നിലവിൽ 29 അംഗങ്ങളുടെ ഭൂരിപക്ഷമാണ് കോൺഗ്രസിനുള്ളത്.