ഐസ്വാള്‍: ദേശീയ, സംസ്ഥാന തലത്തില്‍ പോരാടുന്ന ബി.ജെ.പി.യും കോണ്‍ഗ്രസും മിസോറമിലെ പ്രാദേശികഭരണത്തിനായി കൈകോര്‍ത്തു. ചക്മ ഗോത്രവിഭാഗത്തിലുള്ളവരുടെ സ്വയംഭരണ സമിതിയായ ചക്മ ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (സി.എ.ഡി.സി.) ഭരണമാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് പങ്കിടാന്‍ തീരുമാനിച്ചത്.
 
20 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ആറുസീറ്റും ബി.ജെ.പി. അഞ്ചുസീറ്റുമാണ് നേടിയത്. മിസോ നാഷണല്‍ ഫ്രണ്ട് എട്ടുസീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റിലെ ഫലം ഹൈക്കോടതി സ്റ്റേചെയ്തു. ബി.ജെ.പി. നേതാവ് ശാന്തി ജിബാന്‍ ചക്മയും കോണ്‍ഗ്രസ് നേതാവ് ബുദ്ധ ലില ചക്മയുമാണ് സംയുക്ത നിയമസഭാപാര്‍ട്ടിയുടെ സാരഥികള്‍.

എന്നാല്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ കൂട്ടുകെട്ട് പ്രതിഫലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച ബി.ജെ.പി. സംസ്ഥാന നേതൃത്വം, കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ച അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.