ന്യൂഡൽഹി: മാധ്യമവാർത്തകളിലെ പേരുകൾ കണ്ടല്ല ബി.ജെ.പി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മാധ്യമങ്ങളിൽ പേരു കണ്ടെന്നു കരുതി ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ബി.ജെ.പി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് പുതിയ എം.പി.മാർക്ക് മോദി ഉപദേശ നിർദേശങ്ങൾ നൽകിയത്. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ ഓർമപ്പെടുത്തൽ .

ഗുജറാത്തിൽ മുഖ്യമന്ത്രിയായ കാലത്തുണ്ടായ ചില അനുഭവങ്ങൾ രസകരമായി ഓർത്തെടുത്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. “പത്രങ്ങളിലും ടി.വി.യിലും മന്ത്രിമാരാകാൻ സാധ്യതയുള്ളവരുടെ പേരുകൾ വരുന്ന കാലമാണിത്. നിങ്ങളുടെ പേരുകളും അതിൽ വന്നേക്കാം. അതുകണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങളിലെ പേരുകൾ കണ്ടല്ല ബി.ജെ.പി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നത്. അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിക്കുന്നു എന്നമട്ടിൽ ചിലർ ഫോൺ വിളിക്കും. താങ്കളെ മന്ത്രിയാകാൻ തിരഞ്ഞെടുത്തിരിക്കുന്നെന്ന് പറഞ്ഞ് കബളിപ്പിക്കും. അതിൽ വീഴരുത്. പണ്ട് ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഛത്തീസ്ഗഢിൽനിന്ന് ഒരു പ്രവർത്തകൻ എത്തി. ഗുജറാത്തിൽ മന്ത്രിയാകാൻ തിരഞ്ഞെടുത്തു എന്ന് ഫോൺ വിളിയെത്തി എന്നു പറഞ്ഞാണ് എന്നെ ഈ പ്രവർത്തകൻ സമീപിച്ചത്”- മോദി പറഞ്ഞുനിർത്തിയപ്പോൾ ഹാളിൽ കൂട്ടച്ചിരി ഉയർന്നു.

മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ പുതിയ അംഗങ്ങൾ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി പറഞ്ഞു. ഓഫ് ദ റെക്കോഡ്‌ എന്ന് പറഞ്ഞ് ചിലർ സംസാരിക്കാൻ സമീപിക്കും. പോക്കറ്റിൽ ശബ്ദം റെക്കോഡ്‌ ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവർ വരുന്നത്. ഇതറിയാതെ സംസാരിച്ചുപോകും. എന്നാൽ, അവർ അതെടുത്ത് ചാനലിൽ കൊടുക്കും. അതിനാൽ സംസാരം നിയന്ത്രിക്കണം.

ഡൽഹിയിലെത്തുമ്പോൾ സഹായികളായി ചിലർ അടുത്തുകൂടുമെന്നും അവരെ അകറ്റിനിർത്തണമെന്നും മോദി പറഞ്ഞു. ആദ്യമായി എത്തുന്ന എം.പി.മാർക്ക് ചിലപ്പോൾ വഴി അറിയാതെയോ ഓഫീസ് എവിടെയാണെന്ന് അറിയാതെയോ സംശയങ്ങൾ ഉണ്ടാകും. അപ്പോൾ സഹായിക്കാൻ ഇവർ അടുത്തുകൂടും. ഇവർ പിന്നീട് ബാധ്യതയായി മാറും. അതുപോലെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാൻ വരുന്നവരെയും സൂക്ഷിക്കണം- മോദി നിർദേശിച്ചു.

content highlights: ministers are  decided not according to media report, says Modi