ചെന്നൈ: പുതുക്കോട്ടൈയിലെ ഹോസ്റ്റലില്‍വെച്ച് വനിതാ കായികതാരങ്ങളോട് അപമര്യാദയായി പെരുമാറിയ മന്ത്രി എസ്. സുന്ദര്‍രാജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിപക്ഷകക്ഷിയായ പി.എം.കെ. രംഗത്തെത്തി.

ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും കായികവകുപ്പുമന്ത്രിയായ സുന്ദര്‍രാജ് തത്സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും പി.എം.കെ. ചൂണ്ടിക്കാട്ടി. എന്നാല്‍, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് സി.ആര്‍. സരസ്വതി പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് പുതുക്കോട്ടൈയിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ മന്ത്രി മിന്നല്‍സന്ദര്‍ശനം നടത്തിയത്. രാത്രിയില്‍ ഹോസ്റ്റലിലെ വനിതാ ഉദ്യോഗസ്ഥയെ ഒപ്പംകൂട്ടാതെയാണത്രെ മന്ത്രി കായികതാരങ്ങളുടെ മുറികളില്‍ക്കയറിയത്. മന്ത്രി ഒരു പെണ്‍കുട്ടിയെ സ്​പര്‍ശിച്ചെന്നും ടീഷര്‍ട്ട് പിടിച്ചുവലിച്ചുവെന്നുമാണ് പി.എം.കെ. ആരോപിച്ചിട്ടുള്ളത്. പെണ്‍കുട്ടികളോട് അസഭ്യച്ചുവയില്‍ സംസാരിച്ചുവെന്നും പി.എം.കെ.യുടെ പരാതിയില്‍പറയുന്നു.

മന്ത്രിയുടെ പെരുമാറ്റം ശരിയായില്ലെന്നും അദ്ദേഹം മദ്യപിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് പറഞ്ഞു. മന്ത്രിസ്ഥാനത്തുനിന്നും സുന്ദര്‍രാജിനെ എത്രയുംപെട്ടെന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.