ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം പോയിട്ട് മാസം 21 കഴിഞ്ഞു. എന്നിട്ടും മന്ത്രിമന്ദിരത്തില്‍ പൊറുതി തുടര്‍ന്ന കോണ്‍ഗ്രസ് എം.പിയെ ഒഴിപ്പിക്കാന്‍ ഒടുവില്‍ സുപ്രീംകോടതിയും രംഗത്തിറങ്ങി. മന്ത്രിമന്ദിരം ഒഴിയണമെന്ന ഹെക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പോയ ബംഗാളില്‍നിന്നുള്ള ലോക്‌സഭാംഗം അധീര്‍ രഞ്ജന്‍ ചൗധരിക്കാണ് സുപ്രീംകോടതിയുടെ വക കണക്കിന് കിട്ടിയത്.

അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍നിന്നിറങ്ങണമെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ചൗധരിയോട് ആവശ്യപ്പെട്ടു. ''നിങ്ങള്‍ ഒരു പാര്‍ലമെന്റംഗമാണ്. അനുവദിക്കാത്ത വസതിയില്‍ താമസിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. എന്ത് പരാതിയാണ് ഇത്?. നിങ്ങള്‍ അവിടെനിന്ന് ഉടന്‍ ഒഴിയണം'' - കോടതി ആവശ്യപ്പെട്ടു.

മുര്‍ഷിദാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമായ ചൗധരി, ബംഗാള്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമാണ്. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് നഗരവികസന മന്ത്രിയായിരുന്നു. ന്യൂ മോട്ടി ബാഗിലെ ബംഗ്ലാവായിരുന്നു ഔദ്യോഗിക വസതി. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇവിടെനിന്ന് ഒഴിയാന്‍ അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചു.

ലോക്‌സഭാംഗം എന്ന നിലയില്‍ ഹുമയൂണ്‍ റോഡില്‍ മറ്റൊരു വസതി അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഈ വസതിയില്‍ അദ്ദേഹം തൃപ്തനായില്ല. ഇതോടെ, വേറെ മൂന്ന് വീടുകള്‍കൂടി കാണിച്ചെങ്കിലും അതും ചൗധരിക്ക് പിടിച്ചില്ല. ഇതേത്തുടര്‍ന്ന് ഹുമയൂണ്‍ റോഡിലുള്ള വസതിയിലേക്ക് മാറണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കി.

ഇതിനെതിരെ ചൗധരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തവ് അദ്ദേഹത്തിനെതിരായിരുന്നു. എന്നിട്ടും ഒഴിയാന്‍ ചൗധരി കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഠാക്കൂറിന് പുറമെ, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് ആര്‍. ബാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.