പനജി: ഗോവ ഡാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാവികസേനയുടെ മിഗ് 29 കെ വിമാനത്തിന്റെ ഇന്ധനടാങ്ക് അടർന്നുവീണ് തീപിടിച്ചതിനെത്തുടർന്ന് വിമാനസർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും പൈലറ്റ് സുരക്ഷിതനാണെന്നും സൈന്യം അറിയിച്ചു.

റൺവേയിൽ തീപടർന്നതിനെ തുടർന്ന് ഇതുവഴിയുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

കൂടുതൽ ദൂരം പറക്കുന്നതിനായി മിഗ് 29 കെ യുദ്ധവിമാനത്തിന്റെ പുറത്ത് ഘടിപ്പിക്കുന്ന വേർപെടുത്താവുന്ന ഇന്ധനടാങ്കാണ് റൺവേയിൽ വീണത്. ഇതിൽനിന്നുള്ള ഇന്ധനം പരന്ന് തീപിടിച്ച റൺവേ തകർന്നു. തുടർന്നാണ് വിമാനസർവീസ് താത്കാലികമായി നിർത്തിവെച്ചത്.

അടിയന്തര സംവിധാനമുപയോഗിച്ച് റൺവേ സജ്ജമാക്കിയശേഷം വൈകീട്ടോടെ സർവീസ് പുനരാരംഭിച്ചതായി നാവികസേനാ വക്താവ് ട്വിറ്ററിൽ അറിയിച്ചു. സൗത്ത് ഗോവ ജില്ലയിൽ ഐ.എൻ.എസ്. ഹംസ് നേവൽ ബേസിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.

Content Highlights: Mig 29 Aircraft tank got detached