ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക്‌ വിരാമമിട്ട് മേനകാഗാന്ധിയും മകൻ വരുൺഗാന്ധിയും ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. 2014-ൽ ഇരുവരും മത്സരിച്ച മണ്ഡലങ്ങൾ പരസ്പരം മാറി. ഉത്തർപ്രദേശിലെ സുൽത്താൻപുർ മണ്ഡലത്തിൽ മേനകയും പീലീഭിത്ത് മണ്ഡലത്തിൽ വരുണും മത്സരിക്കും. 1989 മുതൽ മേനക പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ് പീലീഭിത്ത്.

വരുൺഗാന്ധിക്ക് ഇക്കുറി ബി.ജെ.പി. ടിക്കറ്റ് നിഷേധിക്കുമെന്നും അതിനാൽ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നുമുള്ള പ്രചാരണങ്ങൾക്ക് ഇതോടെ താത്കാലിക വിരാമമായി. ബി.ജെ.പി. അംഗമാണെങ്കിലും പിതൃസഹോദരന്റെ മക്കളായ രാഹുലുമായും പ്രിയങ്കയുമായും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന വരുൺ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് ഒരു വർഷമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷവും ബി.ജെ.പി.യിൽ അവഗണിക്കപ്പെട്ടത് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

ചൊവ്വാഴ്ച ബി.ജെ.പി.യിൽ ചേർന്ന ചലച്ചിത്രതാരം ജയപ്രദ, സിറ്റിങ് എം.പി.മാരായ സാധ്വി നിരഞ്ജൻ ജ്യോതി, രമാശങ്കർ കതേരിയ, ദേവേന്ദ്ര സിങ് ഭോലെ, ഭാനുപ്രതാപ് വർമ, പുഷ്‌പേന്ദ്ര സിങ് ചന്ദേൽ, വിനോദ് ശങ്കർ, ലല്ലു സിങ്, ബ്രിജ് ഭൂഷൺ ശരൺ സിങ്, ദദൻ മിശ്ര, കീർത്തി വർധൻ സിങ്, ജഗദംബികാ പാൽ, ഹവിഷ് ദ്വിവേദി, പങ്കജ് ചൗധരി, വിജയ് ദുബേ, കമലേഷ് പാസ്വാൻ, രവീന്ദ്ര കുശ്വാഹ തുടങ്ങിയവർക്ക് സീറ്റ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി.യിൽ ചേർന്ന റീത്ത ബഹുഗുണ ജോഷി അലാഹബാദിൽ മത്സരിക്കും.

Content Highlights: Menaka And Varun Gandhi 2019 Loksabha Elections