ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാത്തട്ടിപ്പു കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി കരീബിയൻ രാജ്യമായ ഡൊമിനിക്കയിലെത്തിയ എട്ടംഗ ഇന്ത്യൻ അന്വേഷണസംഘം മടങ്ങി. ബാങ്കു തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായുള്ള സി.ബി.ഐ. വിഭാഗം മേധാവിയും ഡി.ഐ.ജി.യുമായ ശാരദ റൗട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴുദിവസം ഡൊമിനിക്കയിൽ തങ്ങിയശേഷം ഡൽഹിയിലേക്ക് തിരിച്ചത്. ഇ.ഡി., സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ചോക്സിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൊമിനിക്ക ഹൈക്കോടതിയിൽ തുടരുന്ന കേസ് വാദം കേൾക്കുന്നത് നീട്ടിവെച്ചതോടെയാണ് സംഘത്തിനു മടങ്ങേണ്ടിവന്നത്. കേസ് പരിഗണിക്കുന്ന അടുത്ത തീയതി ഇരു കക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ തീരുമാനിക്കൂ എന്ന് ജഡ്ജി ബെർണി സ്റ്റീഫൻസൺ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഡൊമിനിക്ക-ചൈന സൗഹൃദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 62-കാരനായ ചോക്സി വീൽച്ചെയറിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്.

Content Highlights: Mehul Choksi India