ന്യൂഡൽഹി: പി.എൻ.ബി. വായ്പത്തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ് പൗരത്വം നൽകിയ, വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറുന്ന കാര്യത്തിൽ നിയമാനുസൃതമായ എല്ലാ അപേക്ഷകളും സ്വീകരിക്കുമെന്ന് ആന്റിഗ സർക്കാർ. വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിനുശേഷം ആന്റിഗ വിദേശകാര്യമന്ത്രി ഇ.പി. ഷെറ്റ് ഗ്രീനാണ് നിലപാടു വ്യക്തമാക്കിയത്.

എന്നാൽ, ഇന്ത്യൻ സർക്കാരിൽനിന്ന് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയുമായി കരാറില്ലെങ്കിലും അപേക്ഷ ലഭിച്ചാൽ അതു മാനിക്കും. നിക്ഷേപത്തിലൂടെ ആന്റിഗൻ പൗരത്വം നൽകുന്ന പദ്ധതിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണിതെന്നും മന്ത്രി വ്യക്തമാക്കി.

കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗയിൽ പൗരത്വം ഉള്ളവർക്ക് 132 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കം. ഇതു വ്യാപാര വികസനത്തിനു പ്രയോജനപ്പെടുത്താനായിരുന്നു മെഹുൽ ചോക്സി ആന്റിഗൻ പൗരത്വമെടുത്തതെന്ന് അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു.

മെഹുൽ ചോക്സിയുടെ പൗരത്വം സംബന്ധിച്ച് സി.ബി.ഐ. ആന്റിഗ സർക്കാരിനോടു വിവരങ്ങൾ തേടിയിരുന്നു. ചോക്സി പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ വായ്പത്തട്ടിപ്പു കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇന്ത്യയുമായി സഹകരിക്കുമെന്നും ആന്റിഗ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ ഒരു ടി.വി. അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പതിന്നാലായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി, ചോക്സിയുടെ സഹോദരീപുത്രനാണ്. വിദേശത്തേക്കു മുങ്ങിയ ഇരുവരുടെയും പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടും അവർ തടസ്സംകൂടാതെ വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുകയാണ്.