ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് (പി.‌എൻ.‌ബി.) 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള രേഖകളുമായി സ്വകാര്യവിമാനം കരീബിയൻ രാജ്യമായ ഡൊമിനിക്കയിലെത്തിയതായി ആന്റിഗൻ പ്രധാനമന്ത്രി ഗാറ്റ്സൺ ബ്രൗൺ പറഞ്ഞു. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഖത്തർ എയർവേസിന്റെ എ7സിഇഇ എന്ന വിമാനം ചാൾസ് ഡഗ്ലസ് വിമാനത്താവളത്തിലിറങ്ങിയെന്നാണ് ആന്റിഗൻ പ്രധാനമന്ത്രി ‘ആന്റിഗ ന്യൂസ് റൂം’ റേഡിയോ പരിപാടിയിൽ പറഞ്ഞത്. ഇന്ത്യയാണ് ഈ വിമാനമയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആന്റിഗയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് ചോക്സി ഡൊമിനിക്കയിൽ പിടിയിലായത്. ആന്റിഗയിൽ പൗരത്വംനേടി കഴിയുകയായിരുന്നു ചോക്സി. കാമുകിയോടൊപ്പം സമയം ചെലവഴിക്കാനാണ് ഇയാൾ ഡൊമിനിക്കയിലേക്കുപോയതെന്നാണ് കരുതുന്നതെന്ന് ആന്റിഗൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരനായ ചോക്സിയെ ഡൊമിനിക്ക ഇന്ത്യക്കു വിട്ടുനൽകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ചോക്സിയെ ഡൊമിനിക്കയിൽനിന്ന് മാറ്റുന്നത് അവിടത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ബുധനാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കുംവരെ നടപടിയുണ്ടാവരുതെന്നാണ് ഉത്തരവ്. 2018 മുതൽ ആന്റിഗയിൽ കഴിയുന്ന ചോക്സിക്ക് അവിടെ പൗരത്വമുണ്ട്. അവിടെ തിരിച്ചെത്തിയാൽ പൗരനെന്ന നിലയിൽ നിയമപ്രകാരമുള്ള സംരക്ഷണം കിട്ടും.

Content Highlights: Mehul Choksi Antigua