ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതി മെഹുൽ ചോക്സിയുടെ 1210 കോടി രൂപയുടെ സ്വത്തുക്കൾ കള്ളപ്പണംകൊണ്ട്‌ വാങ്ങിയവയാണെന്ന്‌ കള്ളപ്പണനിരോധന അതോറിറ്റി അറിയിച്ചു.

15 ഫ്ലാറ്റുകൾ, മുംബൈയിലെ 17 ഓഫീസ് മുറികൾ, കൊൽക്കത്തയിലെ ഒരു മാൾ, ആലിബാഗിലെ നാലേക്കർ ഫാം ഹൗസ്, നാസിക്, നാഗ്പുർ, പൻവേൽ, വില്ലുപുരം എന്നിവിടങ്ങളിലുള്ള 231 ഏക്കർ ഭൂമി തുടങ്ങിയവ ഈ ഫെബ്രുവരിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ‘സ്ഥാവരസ്വത്തുക്കൾ എല്ലാം അനധികൃതമായി സന്പാദിച്ച പണംകൊണ്ട്‌ വാങ്ങിയവയാണ്’ -കള്ളപ്പണ നിരോധന അതോറിറ്റിയിലെ ഉദ്യോഗസ്ഥനായ തുഷാർ വി. ഷാ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം ചോക്സിയുടെ സ്വത്ത്‌ കണ്ടുകെട്ടാൻ അന്വേഷണ ഏജൻസി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 500 കോടി വിലയുള്ള ഹൈദരാബാദിലെ രംഗ ജില്ലയിലെ 170 ഏക്കർ വലുപ്പമുള്ള പാർക്ക്, ബോറിവിലിയിലെ നാലു ഫ്ലാറ്റുകൾ, സാന്റാക്രൂസിലെ ഖേമു ടവറിലെ ഒമ്പതു ഫ്ലാറ്റുകളുമടക്കം നാൽ‍പത്തിയൊന്ന്‌ വസ്തുക്കൾ തുടങ്ങിയവ നടപടിയുടെ ഭാഗമായി കണ്ടുകെട്ടി.