ന്യൂഡൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്.

അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഗോവയിലെ തന്റെ ഗവർണർ കസേര തെറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഞാൻ ലോഹ്യയുടെ പിൻഗാമിയാണ്, ചരൺസിങ്ങുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി എനിക്ക് സഹിക്കാനാവില്ല. റേഷൻ സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുകയെന്ന ഗോവ സർക്കാരിന്റെ പദ്ധതി അപ്രായോഗികമായിരുന്നു. സർക്കാരിന് പണം നൽകിയ കമ്പനിയുടെ നിർബന്ധബുദ്ധിയാണ് പദ്ധതി നടപ്പാക്കിയതിനു പിന്നിൽ. കോൺഗ്രസുകാരുൾപ്പെടെയുള്ളവർ അതേക്കുറിച്ച് അന്വേഷിക്കാൻ എന്നോട് അഭ്യർഥിച്ചു. ഞാൻ അന്വേഷിച്ചു, പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.” -ഒരു ടി.വി. വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ മാലിക് പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഗോവ സർക്കാർ പരാജയപ്പെട്ടെന്ന പരാമർശത്തിൽ താനുറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2019 ഒക്ടോബർ മുതൽ 2020 ഓഗസ്റ്റ് വരെയാണ് മാലിക് ഗോവയിൽ ഗവർണറായിരുന്നത്.

ഗോവയിലെ ബി.ജെ.പി. സർക്കാരിനെതിരേ മുൻഗവർണർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ പുറത്താക്കണം. പ്രധാനമന്ത്രിയെ ഗവർണർ മാലിക് അഴിമതിക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായില്ല, പകരം അദ്ദേഹത്തെ ഗോവയിൽനിന്ന് മേഘാലയ ഗവർണർ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു -കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല, ഗോവ ഇൻചാർജ് ദിനേഷ് ഗുണ്ടുറാവു എന്നിവർ പറഞ്ഞു. .

ഗോവ സർക്കാരിനെ ഇനി തുടരാനനുവദിക്കരുതെന്നും പുറത്താക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നിവയും ആവശ്യപ്പെട്ടു.

Content Highlights: Meghalaya governor Satya Pal Malik Allegation against Goa Government