ന്യൂഡൽഹി: തന്നെ ലൈംഗികമായി ചൂഷണംചെയ്ത നടൻ നാനാ പടേക്കറടക്കമുള്ള നാലുപേരെ നാർക്കോ അനാലിസിസ് അടക്കമുള്ള പരിശോധനകൾക്ക്‌ വിധേയമാക്കണമെന്ന്‌ ബോളിവുഡ് നടി തനുശ്രീ ദത്ത. ബ്രെയിൻ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ തനുശ്രീ ഓഷിവാര പോലീസിനു നൽകി.

അതിനിടെ നാനാ പടേക്കർക്കെതിരായ തനുശ്രീയുടെ പരാതി വേണ്ടരീതിയിൽ പരിഗണിക്കാത്തതിൽ സിനിമ, ടി.വി. അഭിനേതാക്കളുടെ സംഘടനയായ ‘സിന്റ’ ഖേദം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ തങ്ങൾ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയർ ജോയന്റ് സെക്രട്ടറി അമിത് ബെഹ്‌ൽ വ്യക്തമാക്കി.

പരാതി ലഭിച്ചപ്പോൾ പരിഗണിച്ചത് അതിന്റെ സാമ്പത്തികവശം മാത്രമാണ്. ലൈംഗികാരോപണത്തെക്കുറിച്ച്‌ പരിശോധിച്ചില്ല. വിഷയത്തിൽ നടപടിയെടുക്കുന്നതിന്‌ തനുശ്രീ പുതിയ പരാതിനൽകണം. ലൈംഗികാരോപണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ തങ്ങൾ ഒരു ഉപസമിതി രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങളിലാണ് -അദ്ദേഹം അറിയിച്ചു.

2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ, നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, സംവിധായകൻ സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർ വഴിവിട്ടു പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ പരാതി.

മീ ടൂവിന്‌ പിന്തുണയുമായി ബോളിവുഡ്

മീ ടൂ പ്രചാരണത്തിന്‌ പിന്തുണയുമായി ബോളിവുഡ്. സംവിധായകൻ ഫർഹാൻ അക്തർ, അഭിനേതാക്കളായ അജയ് ദേവ്ഗൺ, ഇമ്രാൻ ഹാഷ്മി, തപ്‌സി പൊന്നു എന്നിവരാണ്‌ മീ ടൂവിന്‌ പിന്തുണയുമായി രംഗത്തെത്തിയത്.

താനും തന്റെ കന്പനിയും സ്ത്രീകൾക്ക്‌ ബഹുമാനവും സുരക്ഷയും നൽകുന്നുണ്ടെന്നും മീ ടൂവിൽക്കൂടി പുറത്തുവന്ന കാര്യങ്ങൾകേട്ട്‌ താൻ അസ്വസ്ഥനായെന്നും നിർമാതാവ് കൂടിയായ അജയ് ദേവ്ഗൺ പറഞ്ഞു. സംവിധായകൻ സാജിദ് ഖാനെതിരേ പുറത്തുവന്ന ആരോപണങ്ങൾ വായിച്ചു ഞെട്ടിയെന്നായിരുന്നു അക്തറിന്റെ പ്രതികരണം. പുറത്തുവന്ന പേരുകളല്ല, സംഭവങ്ങളാണ്‌ തന്നെ അസ്വസ്ഥയാക്കിയതെന്നാണ്‌ തപ്‌സി പറഞ്ഞത്. ലൈംഗികചൂഷണം വെച്ചുപൊറുപ്പിക്കില്ലെന്ന്‌ ഹാഷ്മി വ്യക്തമാക്കി.

മാധ്യമപ്രവർത്തകൻ രാജിവെച്ചു

മീ ടൂ പ്രചാരണത്തിലൂടെ ഉയർന്ന ലൈംഗികാരോപണങ്ങളെത്തുടർന്ന്‌ കെ.ആർ. ശ്രീനിവാസ് ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിറ്റർ സ്ഥാനം രാജിവെച്ചു. സ്വമേധയാ എടുത്ത തീരുമാനമാണോ രാജിയെന്നകാര്യം വ്യക്തമല്ല. അവധിയിൽ പ്രവേശിക്കാൻ നേരത്തേ ടൈംസ് ഓഫ് ഇന്ത്യ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

മാധ്യമപ്രവർത്തകയായ സന്ധ്യ മേനോൻ, അജ്ഞാതരായ ആറു സ്ത്രീകൾ എന്നിവരാണ്‌ ശ്രീനിവാസിനെതിരേ നേരത്തേ രംഗത്തെത്തിയത്. 2007-ൽ ബാംഗ്ലൂർ മിററിൽ ജോലിചെയ്യുന്ന സമയത്ത്‌ ശ്രീനിവാസ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു സന്ധ്യയുടെ ആരോപണം. തുടർന്ന് എഴുത്തുകാരിയായ വാണി സരസ്വതിയും ശ്രീനിവാസിനെതിരേ രംഗത്തെത്തി.

അപകീർത്തിക്കേസുമായി അലോക് നാഥും ഭാര്യയും

ലൈംഗികാരോപണം ഉന്നയിച്ച എഴുത്തുകാരിയും സംവിധായികയുമായ വിനിത നന്ദയ്ക്കെതിരേ ബോളിവുഡ് നടൻ അലോക് നാഥും ഭാര്യ ആശുവും കോടതിയിൽ അപകീർത്തിക്കേസ് നൽകി. ഞായറാഴ്ചയാണ് അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും കേസ് നൽകിയത്.