ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്ന 27 മരുന്നുകള്‍ നിലവാരം കുറഞ്ഞതെന്ന് ഡ്രഗ് കണ്‍ട്രോളര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തി. സണ്‍ ഫാര്‍മ, സിപ്ല, ആബട്ട് ഇന്ത്യ തുടങ്ങി 18 കമ്പനികളുടെ മരുന്നുകളാണിവ.
കേരളത്തിനുപുറമേ, മഹാരാഷ്ട്ര, കര്‍ണാടകം, പശ്ചിമബംഗാള്‍, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയിലാണ് മരുന്നുകളുടെ നിലവാരക്കുറവ് റിപ്പോര്‍ട്ട് ചെയ്തത്.

ആന്റിബയോട്ടിക് മരുന്നുകളായ പെന്‍ടിഡ്‌സ് (ആബട്ട് ഇന്ത്യ), ആല്‍ത്രോസിന്‍ (അലംബിക് ഫാര്‍മ), തലവേദനയ്ക്കുള്ള വാസോഗ്രേന്‍ (കാഡില ഫാര്‍മ), ചുമയ്ക്കുള്ള സിറപ്പ് അസ്‌കോറില്‍ (ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ), വിരയ്ക്കുള്ള ഗുളിക സെന്റല്‍ (ജി.എസ്.കെ. ഇന്ത്യ), സന്ധിവാതത്തിനുള്ള ഹൈഡ്രോസൈക്ലോറോക്വിന്‍ (ഇപ്ക ലാബ്‌സ്), രക്തസമ്മര്‍ദത്തിനുള്ള ഡില്‍സം (ടോറന്റ് ഫാര്‍മ), മാനസികാസ്വാസ്ഥ്യത്തിന് നല്‍കുന്ന സ്റ്റെമെറ്റില്‍ (ആബട്ട് ഇന്ത്യ), പേശിവലിവ് കുറയ്ക്കുന്നതിനുള്ള മയോറില്‍ (സനോഫി സിന്തേലാബോ) തുടങ്ങിയ മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിവിധ പേരുകളില്‍ ഒരേ മരുന്ന്, ഘടകപദാര്‍ഥങ്ങളുടെ തെറ്റായ അളവ്, നിറമിളകല്‍, ഈര്‍പ്പമുണ്ടാകല്‍ തുടങ്ങിയ പരിശോധനകളില്‍ ഈ മരുന്നുകള്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആ ബാച്ച് മരുന്നുകളുടെ വില്പന രണ്ട് കമ്പനികള്‍ നിര്‍ത്തിവെച്ചെന്നും ഒരു കമ്പനി മരുന്നുകള്‍ തിരിച്ചുവിളിച്ചെന്നും 'ഇന്ത്യന്‍ എക്‌സ്​പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ആബട്ട് ഇന്ത്യയുടെ പെന്‍ടിഡ്‌സ്-400 എന്ന ടാബ്ലറ്റ് നിറം ഇളകുന്നതായും ഈര്‍പ്പം കയറിയതായുമാണ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വിപണനത്തിനെത്തിച്ച മരുന്ന് സൂക്ഷിച്ചതിലെ പോരായ്മയാണ് ഇതിന് കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു. ഈ ബാച്ചിലെ ടാബ്ലറ്റ് മറ്റിടങ്ങളില്‍നിന്ന് ശേഖരിച്ച് പരിശോധിച്ചതില്‍ കുഴപ്പം കണ്ടെത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.