ന്യൂഡല്‍ഹി: മരുന്നുനിയന്ത്രണ അതോറിറ്റി അനുമതി നല്‍കിയ മരുന്നുകള്‍ എങ്ങനെയാണ് നിരോധിക്കുകയെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. എന്നാല്‍ അനുമതി ഉണ്ടെന്നതുകൊണ്ടുമാത്രം നടപടിയെടുക്കുന്നതിനെ തടയാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ പിന്നെന്ത് മാറ്റമാണ് സംഭവിക്കുകയെന്ന് കോടതി ആരാഞ്ഞു.
 
ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചുകഴിഞ്ഞ മരുന്ന് പിന്നീട് നിരോധിച്ചത് എന്തുകാരണത്താലാണെന്ന് സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്‌ലോ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചിത അളവിലുള്ള 344 സംയുക്തമരുന്നുകള്‍ നിരോധിച്ചതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

നിയമപ്രകാരം, ഡി.സി.ജി.ഐ. അനുമതി നല്‍കിയ മരുന്നുകള്‍ പിന്നീട് സര്‍ക്കാറിന് നിരോധിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ പറഞ്ഞു. അനുമതി നല്‍കി എന്നത് നിയമത്തിലെ 26 എ വകുപ്പ് പ്രകാരം നടപടിയെടുക്കുന്നതില്‍നിന്ന് സര്‍ക്കാറിനെ തടയുന്നില്ല. നേരത്തെയും ഡി.സി.ജി.ഐ. അനുമതി നല്‍കിയ 90 മരുന്നുകള്‍ നിരോധിച്ചിട്ടുണ്ട്.