ആരോഗ്യത്തിനു ദോഷകരമായ 328 മരുന്നുസംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു. ഇവയുൾപ്പെടുന്ന പതിനായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാർശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകൾക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ ബ്രാൻഡുകളായ സറിഡോൻ (പിറമോൾ), ടാക്സിം എ. ഇസഡ് (അൽക്കേം ലബോറട്ടറീസ്), പാൻഡേം പ്ലസ് ക്രീം (മക്ലിയോഡ്‌സ് ഫാർമ) എന്നിവ നിരോധിച്ച മരുന്നുകളിലുൾപ്പെടുന്നു. ഇതോടെ ഇന്ത്യൻ ഔഷധ നിർമാണ മേഖലയിൽ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടോ അതിലധികമോ ഔഷധച്ചേരുവകൾ ചേർത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങൾ. ആരോഗ്യത്തിന് ഹാനികരമാകും വിധം മരുന്നുകൾ കൂട്ടിച്ചേർത്താണ് പല കമ്പനികളും മരുന്നുകൾ നിർമിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. ചന്ദ്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു.

സമിതിയുടെ പഠനറിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രം 2016-ൽ 349 മരുന്നുസംയുക്തങ്ങൾ നിരോധിച്ചത്. ഇവയിൽ 1988-നു മുൻപ് അംഗീകാരം ലഭിച്ച 15 മരുന്നുസംയുക്തങ്ങളും നിയന്ത്രണമേർപ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെയുള്ള എല്ലാ മരുന്നുകൾക്കും നിരോധനം ബാധകമാണ്.

പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലൂക്കോനോം-പി.ജി., ബഹുരാഷ്ട്ര മരുന്നുകമ്പനി അബോട്ടിന്റെ ട്രൈബെറ്റ്, ലുപിന്റെ ട്രൈപ്രൈഡ്, തുടങ്ങിയവ ഉൾപ്പെടുന്ന ആറു മരുന്നു സംയുക്തങ്ങളുടെ നിർമാണത്തിനും വിൽപ്പനയ്ക്കും നിയന്ത്രണമേർപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ചുമ, പനി എന്നിവയ്ക്കു സാധരണയായി ഉപയോഗിക്കുന്ന ഫെൻസെഡിൽ, ഡി-കോൾഡ് ടോട്ടൽ, ഗ്രിലിൻക്റ്റസ് തുടങ്ങിയവയ്ക്കും നിരോധനമില്ല. 1988-നു മുമ്പ് അംഗീകാരം ലഭിച്ച പതിനഞ്ചു മരുന്നു സംയുക്തങ്ങളെ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദേശത്തെ തുടർന്നാണിത്.

നിയന്ത്രണമേർപ്പെടുത്തിയ മരുന്നുസംയുക്തങ്ങൾ

1. അമോക്സിലിൻ 250 എം.ജി.+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എം.ജി.

2. ഗ്ലിമെപിറൈഡ് + പയോഗ്ലിറ്റസോൺ + മെറ്റ്‌ഫോർമിൻ

3. ഗ്ലൈബെൻക്ലാമൈഡ് + മെറ്റ്‌ഫോർമിൻ (എസ്.ആർ.) + പയോഗ്ലിറ്റസോൺ

4. ബെൻസോക്സോണിയം ക്ലോറൈഡ് + ലൈഡോകെയ്ൻ

5. പാരസെറ്റമോൾ + പ്രോക്ലോപെറാസിൻ