ന്യൂഡല്‍ഹി: മരുന്നുവില നിയന്ത്രണത്തിനായുള്ള 2013-ലെ ഉത്തരവ് പരിഷ്‌കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പുതിയ സമിതി ഇതു സംബന്ധിച്ച പൊതുജാനാഭിപ്രായം തേടി. സര്‍ക്കാര്‍ ഏജന്‍സികള്‍, മരുന്ന് നിര്‍മാണമേഖലയിലെ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് മെയ് ഒന്നിനകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷം സമിതി ആറാഴ്ചയ്ക്കകം ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍ധനരായ രോഗികള്‍ക്ക് താങ്ങാനാകുംവിധം മരുന്നുകളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഉത്തരവ് പരിഷ്‌കരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിലെ രണ്ട് ജോയന്റ് സെക്രട്ടറിമാര്‍, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, മരുന്നുവില നിര്‍ണയ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങി ആറംഗങ്ങള്‍ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകളുടെ വിപണിവില കണ്ടെത്താനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയാണ് ലക്ഷ്യം.
 
നിയന്ത്രണ അതോറിറ്റിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളും പരിശോധിക്കും. മരുന്നുവില നിയന്ത്രണ ഉത്തരവ് കൂടുതല്‍ സുതാര്യമാക്കുന്നതിലൂടെ നിയമതര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. മരുന്നുകള്‍ക്ക് അധികവില ഈടാക്കിയാല്‍ കമ്പനികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തത വരുത്താനും നിര്‍ദേശമുണ്ട്.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയയ്‌ക്കേണ്ട ഇ- മെയില്‍ വിലാസം: chaudhary.ak@nic.in