ന്യൂഡല്‍ഹി : വിവാദ വ്യവസ്ഥകളടങ്ങിയ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. അംഗങ്ങള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ഈ മാസം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സ്​പീക്കര്‍ നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയെടുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കാര്യോപദേശകസമിതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് സമവായമുണ്ടായില്ല. സഭയ്ക്കുള്ളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. അഴിമതി വ്യാപകമാവാനും ഫീസ് വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുമാണ് ബില്‍ ഉപകരിക്കുകയെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

ഭരണപ്രതിപക്ഷപാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പിന്നീട് ലോക്‌സഭയെ അറിയിച്ചു.

ബജറ്റ് സമ്മേളനത്തിനുമുമ്പ് സമിതി ബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് റൂളിങ് നല്‍കിയ സ്​പീക്കര്‍, നേരത്തേ മറ്റൊരു സമിതി ബില്ലിനെക്കുറിച്ച് പഠിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂടുതല്‍സമയം നല്‍കാനാവില്ലെന്നും പറഞ്ഞു. എന്നാല്‍, നേരത്തേ പരിശോധിച്ചത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളാണെന്നും ഇത് പുതിയ ബില്ലാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

കഴിഞ്ഞ ആഴ്ചയാണ് ലോക്‌സഭയില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിന് നിലവിലുള്ള സംവിധാനമായ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപവത്കരിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
 
ബില്‍ വൈദ്യമേഖലയ്ക്ക് ഗുണകരമെന്ന് മന്ത്രി

ന്യൂഡല്‍ഹി:
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ വൈദ്യമേഖലയ്ക്ക് ഗുണകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ബില്‍ ജനവിരുദ്ധമാണെന്നാരോപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും എത്രയും വേഗം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.