ന്യൂഡൽഹി: മാധ്യമപ്രവർത്തകയും ഗുജറാത്ത് സ്വദേശിനിയുമായ സോണൽ കെലോഗ് മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത്. ആദ്യ യു.പി.എ. സർക്കാരിലെ ശക്തനായ രാഷ്ട്രീയനേതാവും മന്ത്രിയുമാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന്‌ സോണൽ പറഞ്ഞു. മന്ത്രിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.

തന്നെ കാണുമ്പോഴെല്ലാം ചുംബിച്ചുകൊണ്ടാണ് മന്ത്രി അഭിവാദ്യം ചെയ്യാറെന്നും ഒരിക്കൽ തന്റെ മാറിടത്തിൽ സ്പർശിച്ചെന്നും സോണൽ വെളിപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന മന്ത്രി സെയ്ന്റ് സ്റ്റീഫൻസ് കോളേജിലാണ് പഠിച്ചതെന്നും ഉപരിപഠനം ഇംഗ്ലണ്ടിലെ മികച്ച സർവകലാശാലകളിലൊന്നിലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

“ഗുജറാത്തിൽ രാഷ്ട്രീയപ്രവർത്തകർ മാധ്യമപ്രവർത്തകരെ ആലിംഗനം ചെയ്തുകൊണ്ടോ ചുംബിച്ചുകൊണ്ടോ സ്വീകരിക്കാറില്ല. എന്നാൽ, ഈ മന്ത്രി ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ സമയം ഡൽഹിയിൽ ഞാൻ പുതിയ ആളായിരുന്നു. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതൊരു നാട്ടിൻപുറത്തുകാരിയുടെ മനഃസ്ഥിതിയാണെന്നു കരുതി എഴുതിത്തള്ളിയേനെ. അതുകൊണ്ടാണ് പരാതിപ്പെടാതിരുന്നത്.” -അവർ പറഞ്ഞു.

“പിന്നീട് 2014-ൽ എം.പി. ബംഗ്ലാവിലാണ് അദ്ദേഹത്തെ കണ്ടത്. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ അദ്ദേഹം ശുചിമുറിയിലേക്കു പോകുന്നതിനായി എണീറ്റു. പോകുന്നതിനിടയിൽ എന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചു. തൊടരുതെന്നു പറയാനേ കഴിഞ്ഞുള്ളൂ. പക്ഷേ, അദ്ദേഹം ചോദിച്ചു, തൊടുന്നതുകൊണ്ട് എന്താണ്‌ പ്രശ്നമെന്ന്. തിരിച്ചെത്തിയ അദ്ദേഹം ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിൽ സംഭാഷണം തുടർന്നു.” -അവർ വിശദീകരിച്ചു.

വാമ കമ്യൂണിക്കേഷൻസിന്റെ ചീഫ് കണ്ടന്റ് റൈറ്റർ ആയ സോണൽ ഡെയ്‍ലിഒ എന്ന വെബ്സൈറ്റിലൂടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്.