ന്യൂഡൽഹി: ‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് വനിതാ-ശിശുവികസന മന്ത്രി മേനകാഗാന്ധി പറഞ്ഞു. നാല്‌ മുൻ ജഡ്ജിമാർ ഉൾപ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുക.

പരാതികളുന്നയിച്ച എല്ലാ സ്ത്രീകളെയും തനിക്ക്‌ വിശ്വാസമാണ്. ഓരോരുത്തരും അനുഭവിച്ച മാനസികവ്യഥ മനസ്സിലാകും. ‘മീ ടൂ’ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. ജോലിസ്ഥലത്തുണ്ടാകുന്ന ലൈംഗികപീഡനക്കേസുകളിൽ കർശനനടപടിയുണ്ടാകുമെന്നും മേനക പറഞ്ഞു.

ലൈംഗികാതിക്രമമുണ്ടായി 10, 15 വർഷത്തിനുശേഷവും പരാതിപ്പെടാൻ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം അവർ പറഞ്ഞിരുന്നു. “പത്തുപതിനഞ്ചു വർഷത്തിനുശേഷമുള്ള പരാതികളും ഉന്നയിക്കാം. പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിനുള്ള എല്ലാ വഴികളും തുറന്നുകിടപ്പുണ്ട്. ലൈംഗികാതിക്രമത്തോടുള്ള ദേഷ്യം ഒരിക്കലും തീരില്ല” -മേനക പറഞ്ഞു.