ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി. ജനാധിപത്യം കശാപ്പുചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന കോൺഗ്രസിനും മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനുമെതിരേ കുതിരക്കച്ചവട ആരോപണവുമായി ബി.എസ്.പി. നേതാവ് മായാവതി. ബി.എസ്.പി. ചിഹ്നത്തിൽ ജയിച്ച ആറ് എം.എൽ.എ.മാരെ കോൺഗ്രസിൽ ലയിപ്പിച്ചത് ഭരണഘടനാവിരുദ്ധമായാണെന്ന് മായാവതി ആരോപിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ബി.എസ്.പി. എം.ൽ.എ.മാരെ കോൺഗ്രസിൽ ലയിപ്പിച്ച സ്പീക്കർ സി.പി. ജോഷിയുടെ നടപടിക്കെതിരേ രണ്ടു പുതിയ ഹർജികൾ ബി.ജെ.പി. എം.എൽ.എ. മദൻ ദിലവർ ചൊവ്വാഴ്ച രാജസ്ഥാൻ ഹൈക്കോടതിയിൽ സമർപ്പിച്ചതോടൊപ്പമാണ് മായാവതിയുടെ ആരോപണം. ദിലവറിന്റെ പരാതി നേരത്തേ കോടതിയും തിങ്കളാഴ്ച സ്പീക്കറും തള്ളിയിരുന്നു.
ഗഹ്‌ലോത് സർക്കാരിനെതിരേ വിശ്വാസ വോട്ടെടുപ്പിൽ വോട്ടുചെയ്യാൻ ആറ് എം.എൽ.എ.മാർക്കും ബി.എസ്.പി. വിപ്പ് നൽകിയിട്ടുണ്ടെന്നും അവർ അങ്ങനെ ചെയ്തില്ലെങ്കിൽ പാർട്ടിയംഗത്വം നഷ്ടപ്പെടുമെന്നും മായാവതി പറഞ്ഞു. ബി.ജെ.പി.യുടെ അപ്രഖ്യാപിത വക്താക്കൾ അവരെ സഹായിക്കാൻ വിപ്പ് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പരിഹസിച്ചു.
Content Highlights: Mayawati Congress