ലഖ്‌നൗ: മായാവതിയുടെ ബി.എസ്.പി.യുമായി (ബഹുജന്‍ സമാജ് പാര്‍ട്ടി) ഐക്യത്തിനു സൂചന നല്‍കി സമാജ്വാദി പാര്‍ട്ടി (എസ്.പി.) നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ്പാര്‍ട്ടിയുടെ വോട്ട് ലഭിച്ചിരുന്നെങ്കിലും ബി.എസ്.പി. സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി ജയാ ബച്ചന്റെ വിജയാഘോഷം എസ്.പി. റദ്ദാക്കിയത്.

ജയാ ബച്ചന്റെ വിജയത്തെത്തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷപരിപാടികള്‍ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ബി.എസ്.പി. സ്ഥാനാര്‍ഥി ഭീംറാവു അംബേദ്കര്‍ പരാജയപ്പെട്ടതിനാല്‍ അഖിലേഷ് യാദവ് അതു വേണ്ടെന്നുവച്ചതായി എസ്.പി. വക്താവ് സുനില്‍ സിങ് സാജന്‍ പറഞ്ഞു.

ഇരുപാര്‍ട്ടികളും ഐക്യപ്പെടുന്നതിനോട് അനുകൂലമാണെന്ന സൂചന ബി.എസ്.പി.യും നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് എസ്.പി.യുടെ വോട്ടുകള്‍ കിട്ടിയതായി ബി.എസ്.പി. ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞു. എന്നാല്‍, ബി.ജെ.പി. അധികാരം ദുര്‍വിനിയോഗം ചെയ്തതാണ് തങ്ങളുടെ സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

യു.പി.യിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. പിന്തുണയോടെ വിജയിച്ചതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അംബേദ്കറുടെ വിജയമുറപ്പിക്കുന്നതിന് ഒരുമിച്ചുപ്രവര്‍ത്തിക്കുമെന്ന് എസ്.പി. വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ടിനെ ബാധിക്കില്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി വ്യക്തമാക്കി. പണം, കായികബലം, ഭരണാധികാരം എന്നിവയുപയോഗിച്ചാണ് ബി.ജെ.പി. ജയിച്ചതെന്ന് അവര്‍ പറഞ്ഞു. എസ്.പി.- ബി.എസ്.പി. കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ബി.ജെ.പി. നടത്തുന്ന അട്ടിമറിശ്രമങ്ങള്‍ വിലപ്പോവില്ല. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്കു പ്രതികാരം ചെയ്യുകയായിരുന്നു ബി.ജെപി. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്, ലോക്‌സഭയില്‍ ജനങ്ങള്‍ നേരിട്ടാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അന്യായമായി നേടിയ രാജ്യസഭയിലേക്കുള്ള വിജയം ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയെ ഇല്ലാതാക്കില്ല -മായാവതി പറഞ്ഞു.

എസ്.പി.യുടെ അവസരവാദനയമാണ് ബി.എസ്.പി.യുടെ പരാജയത്തിനു കാരണമെന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.