ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ നേരിടാൻ ഉത്തർപ്രദേശിൽ രൂപംകൊണ്ട ‘മഹാഗഡ്ബന്ധൻ’ അധികകാലം നിലനിൽക്കില്ലെന്ന സൂചനനൽകി ബി.എസ്.പി. നേതാവ് മായാവതി.

അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ സജ്ജരാകണമെന്ന്‌ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെയും പാർട്ടി ഭാരവാഹികളുടെയും എം.എൽ.എ.മാരുടെയും സംയുക്തയോഗത്തിൽ അവർ ആവശ്യപ്പെട്ടു. ബി.എസ്.പി.-എസ്.പി. സഖ്യത്തിന്‌ ബി.ജെ.പി.യെ ഫലപ്രദമായി ചെറുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മായാവതിയുടെ പുനരാലോചനയെന്നു കരുതുന്നു. എസ്.പി.യുമായുള്ള സഖ്യം പാർട്ടിക്ക്‌ ഗുണംചെയ്തില്ലെന്നാണ് അവരുടെ വിലയിരുത്തൽ.

പരന്പരാഗത വോട്ടുബാങ്കാണ് 10 സീറ്റിൽ ഇത്തവണ പാർട്ടിയുടെ വിജയം ഉറപ്പാക്കിയതെന്നും എസ്.പി. വോട്ടുകൾ കാര്യമായി കിട്ടിയിട്ടില്ലെന്നും മായാവതി അഭിപ്രായപ്പെട്ടു. വോട്ടിനായി മറ്റുപാർട്ടികളെ ആശ്രയിക്കരുത്. പാർട്ടി സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ജാതി-സാമുദായിക വിഭാഗങ്ങളെക്കൂടാതെ കൂടുതൽ പിന്നാക്ക വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കണം -അവർ നിർദേശിച്ചു

ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാർ രാജിവെച്ച ഒഴിവിൽ 11 മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടക്കുക. ഈ ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് മായാവതിയുടെ നിർദേശം. ബി.ജെ.പി.യുടെ ഒമ്പത് എം.എൽ.എ.മാരും ബി.എസ്.പി., എസ്.പി. പാർട്ടികളുടെ ഓരോ എം.എൽ.എ.മാരുമാണ് സംസ്ഥാനത്തുനിന്ന് ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: mayavati may be step back from sp alliance