ലഖ്നൗ: സംസ്കരിച്ചത് തന്റെ മകളെത്തന്നെയാണോ എന്ന് സംശയമുണ്ടെന്ന് ഹാഥ്റസ് പെൺകുട്ടിയുടെ അമ്മ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുമ്പാകെ മൊഴി നൽകി. ദഹിപ്പിച്ച മൃതദേഹത്തിന്റെ മുഖം താനോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ കണ്ടിട്ടില്ല. അതിൽനിന്ന് ബന്ധപ്പെട്ടവർ തങ്ങളെയെല്ലാം തടയുകയാണ് ചെയ്തതെന്നും അവർ കോടതിയെ അറിയിച്ചു.

പെൺകുട്ടിയുടെ അമ്മയെ കൂടാതെ അച്ഛൻ, മൂന്ന് സഹോദരങ്ങൾ എന്നിവരും ഹൈക്കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി. ജസ്റ്റിസ് രാജൻ റോയി, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബലാത്സംഗം നടന്ന വിവരം അറിയിച്ചിട്ടും കേസെടുക്കാനോ അത്യാവശ്യമായ ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നതിനോ പോലീസ് തയ്യാറായില്ലെന്നും അവർ കോടതിയെ അറിയിച്ചു. േകസിന്റെ വിചാരണ ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് ഇതിനകംതന്നെ വലിയതോതിൽ ഭീഷണി ഉണ്ടെന്നും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അഭിഭാഷക സീമ കുശ്‌വാഹ കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കണം. അത് കുടുംബത്തിന്റെ സ്വകാര്യതയെ തകർക്കുന്നതാകരുത്. കേസിലെ ചില സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരേ നടപടി വേണം- കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി, പോലീസ് മേധാവി, എ.ഡി.ജി.പി. എന്നിവരും കോടതിയുടെ ഉത്തരവനുസരിച്ച് ബെഞ്ച് മുമ്പാകെ ഹാജരായിരുന്നു. രണ്ടുമണിക്കൂറിലേറെ നേരം കോടതി ഈ കേസിൽ വാദങ്ങൾ കേട്ടു. നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

രാത്രി ശവസംസ്കാരം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കളക്ടർ

: പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിൽ രാത്രി സംസ്കരിച്ചതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്ന് ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ട് (കളക്ടർ) പ്രവീൺ കുമാർ ലക്ഷർ.

സംഭവസ്ഥലത്ത് ചില നിക്ഷിപ്ത താത്പര്യക്കാർ വർഗീയ ലഹളയ്ക്ക് ആക്കംകൂട്ടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാത്രി മുന്നറിയിപ്പില്ലാതെ സംസ്കാരം നടത്തിയത്. എന്തെങ്കിലും പ്രശ്നമുണ്ടായി സംസ്കാരം വൈകിയാൽ മൃതദേഹം അഴുകുന്നതിനും അതിടയാക്കുമെന്ന് ഭയപ്പെട്ടിരുന്നതായും ജില്ലാ കളക്ടർ വ്യക്തമാക്കി. സർക്കാരിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ല -കളക്ടർ കോടതി മുമ്പാകെ അറിയിച്ചു.