തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ കടല്‍ത്തീരത്ത് 45 തിമിംഗിലങ്ങള്‍ ചത്തടിഞ്ഞു. 250-ഓളം തിമിംഗിലങ്ങള്‍ ആഴക്കടലിലേക്ക് മടങ്ങാനാകാതെ തീരത്തോട് ചേര്‍ന്ന വെള്ളംകുറഞ്ഞ ഭാഗങ്ങളില്‍ കിടക്കുകയാണ്.
ഇവയെ ആഴക്കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 36 എണ്ണത്തെ മീന്‍പിടിത്തക്കാര്‍ ആഴക്കടലിലേയ്ക്കയച്ചെന്നാണ് വിവരം.
 
ബലീന്‍ വിഭാഗത്തില്‍പ്പെട്ട തിമിംഗിലങ്ങളാണ് ഇവയെല്ലാം.തിങ്കളാഴ്ച ഉച്ചതിരിഞ്ഞപ്പോള്‍ മുതല്‍ തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കെത്താന്‍ തുടങ്ങിയെന്നാണ് മീന്‍പിടിത്തക്കാര്‍ പറയുന്നത്. തീരവാസികള്‍ രാത്രിമുഴുവന്‍ ഉണര്‍ന്നിരുന്ന് കഴിയുന്നയത്രയെണ്ണത്തെ വെള്ളത്തിലേക്ക് തള്ളിവിട്ടുവെന്നെന്ന് തൂത്തുക്കുടി ജില്ലാ അധികൃതര്‍ പറഞ്ഞു. ഇത് മരണം കുറച്ചു.

ഫിലിപ്പീന്‍സിലും ഇന്‍ഡൊനീഷ്യയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പമാകാം തിമിംഗിലങ്ങള്‍ കൂട്ടത്തോടെ കരയിലെത്താന്‍ കാരണമെന്ന വിലയിരുത്തലുണ്ട്. കടലിനടിയിലുണ്ടാകുന്ന ഇത്തരം ചലനങ്ങള്‍ തിമിംഗിലങ്ങളുടെ ദിശതെറ്റിക്കുമെന്നും അവ തീരത്തേക്കുനീങ്ങുമെന്നും വിദഗ്ധര്‍ പറഞ്ഞു.സാമൂഹിക ജീവികളായതിനാല്‍, നേതാവ് നീങ്ങുന്നിടത്തേക്ക് ഒപ്പമുള്ളവയും നീങ്ങും.
 
ഇതാണ് ഇത്രയധികം തിമിംഗിലങ്ങള്‍ തീരത്തടിയാന്‍ കാരണം. അന്തര്‍വാഹിനികളുടെ ശബ്ദനിയന്ത്രിത ഗതിനിര്‍ണയ സംവിധാനവും തിമിംഗിലങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സമുദ്ര മലിനീകരണവും തീരത്തേക്കുള്ള കൂട്ടവരവിന് കാരണമായി പറയുന്നുണ്ട്.

ഇത് അസാധാരണ സംഭവമാണെന്നും വിദഗ്ധരുടെ സഹായത്തോടെ പഠിച്ചുമാത്രമേ കാരണം കണ്ടെത്താനാവൂവെന്നും തൂത്തുക്കുടി മത്സ്യബന്ധനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അമല്‍ സേവ്യര്‍ പറഞ്ഞു.
1973-ല്‍ തമിഴ്‌നാട് തീരത്ത് 147 തിമിംഗിലങ്ങള്‍ ചത്തടിഞ്ഞിരുന്നു. 1852-ല്‍ കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്കിലാണ് ഇന്ത്യയിലാദ്യമായി തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരമണഞ്ഞത്. വര്‍ഷം 2000 തിമിംഗിലങ്ങള്‍ തീരത്തടിയുന്നെന്നാണ് കണക്ക്.