ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, താന്‍ ഇംപീച്ച്‌മെന്റിന്റെ വക്കോളമെത്തിയിരുന്നെന്ന് സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍അധികൃ!തര്‍ നിയമനം റദ്ദാക്കിയ ഒരു അധ്യാപകനെ 1992-ല്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഇറക്കിയ ഉത്തരവാണ് അതിനുകാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്ന കീഴ്വഴക്കം ഒഴിവാക്കേണ്ടതാണെന്നും ഈ രീതിക്ക് ന്യൂനതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി എന്നിവയില്‍ ചീഫ് ജസ്റ്റിസായും അലഹാബാദ് ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് കട്ജു.

'ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട്' എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹമെഴുതിയത് ഇങ്ങനെ: 'സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ചിലപ്പോള്‍ സത്യസന്ധനായിരിക്കും. എന്നാല്‍, അദ്ദേഹം സാധാരണ കഴിവുകള്‍ മാത്രമുള്ള ഒരാളാവും. അങ്ങനെയൊരാള്‍ക്ക് ചീഫ് ജസ്റ്റിസ് പദവി നല്‍കാന്‍ പാടില്ല. സീനിയോറിറ്റിയില്‍ താഴെയാണെങ്കിലും കഴിവുണ്ടെങ്കില്‍ (അത് സ്വന്തം വിധികളില്‍ക്കൂടി തെളിയിച്ചിട്ടുണ്ടാവണം) സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം.'

രാജ്യത്തെ നിയമസംവിധാനത്തിന്റെ പോക്ക് പ്രോത്സാഹനജനകമല്ലെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍കൂടിയായ കട്ജു പറഞ്ഞു. 'ജുഡീഷ്യറിയുടെ നവീകരണത്തിന് ഏകകണ്ഠമായ ശ്രമങ്ങളാണു വേണ്ടത്. ഒരു മാറ്റം കൊണ്ടുവരുന്നതിന് പുരോഗമന കാഴ്ചപ്പാടും ഉറച്ച മനഃശക്തിയും ആത്മാര്‍ഥതയും വേണം. എന്നാലിത് സംഭവിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. എങ്ങോട്ടാണ് ഇന്ത്യന്‍ ജുഡീഷ്യറി പോകുന്നത്? ആര്‍ക്കും പറയാന്‍ കഴിയില്ല. പക്ഷേ, ഈ സാഹചര്യം ഒട്ടും ആശാസ്യമല്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്താക്കപ്പെടലിന്റെ വക്കില്‍

ഒരിക്കല്‍ ഇംപീച്ച്‌മെന്റിന്റെ വക്കിലെത്തിയ തന്റെ അനുഭവം അദ്ദേഹം പറയുന്നതിങ്ങനെ:
'1991 നവംബറിലാണ് അലഹാബാദ് ഹൈക്കോടതിയില്‍ സ്ഥിരംജഡ്ജിയായി നിയമിതനാവുന്നത്. കുറച്ചുമാസങ്ങള്‍ക്കുശേഷം പുറത്താക്കപ്പെടുന്ന അവസ്ഥയിലെത്തി. ഗാസിയാബാദ് ജില്ലയിലുള്ള ഒരു ഹൈസ്‌കൂളില്‍ നരേഷ് ചന്ദ് എന്നയാളെ ജീവശാസ്ത്രം അധ്യാപകനായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസാണ് അതിനുകാരണം. പട്ടികജാതി സംവരണമുള്ള തസ്തികയിലേക്ക് ഒ.ബി.സി. ക്കാരനായ ചന്ദിന്റെ നിയമനം അംഗീകരിക്കാന്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍ (സ്‌കൂള്‍) വിസമ്മതിച്ചു. തുടര്‍ന്ന് നിയമനം സ്‌കൂള്‍ മാനേജ്‌മെന്റ് റദ്ദാക്കി.

ചന്ദ് അതിനെതിരേ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്റെ മുന്നിലാണ് കേസെത്തിയത്. ഞാന്‍ നിയമനം അസാധുവാക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും ചന്ദിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ വിധി രാജ്യത്തുടനീളം ഒച്ചപ്പാടുണ്ടാക്കി. വിദ്യാര്‍ഥികളുടേതടക്കമുള്ള വലിയ റാലികള്‍ വിധിയെ സ്വാഗതംചെയ്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി. അതുപോലെതന്നെ എതിര്‍ത്തുമുണ്ടായി.'

വീട്ടുതടങ്കലില്‍വരെ

വിധിയെത്തുടര്‍ന്ന് തനിക്ക് ഊമക്കത്തുകളിലൂടെയും ഫോണില്‍ക്കൂടിയും ഭീഷണികള്‍ ലഭിച്ചിരുന്നെന്നും കട്ജു വെളിപ്പെടുത്തി. ഹൈക്കോടതിപരിസരത്ത് അസംഖ്യം പോലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ട അവസ്ഥവരെയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

'പാര്‍ലമെന്റിലെ പട്ടികജാതി-വര്‍ഗ അംഗങ്ങള്‍ യോഗംചേരുകയും എന്റെ ഇംപീച്ച്‌മെന്റിനായി ബില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരു ഹൈക്കോടതി ജഡ്ജിയായി മാത്രമാണ് ഞാന്‍ നിയമിതനായത്. എന്നിട്ടും പുറത്താക്കപ്പെടലിന്റെ വക്കിലെത്തി. കുറേനാളത്തേക്ക് എനിക്ക് പ്രഭാതനടത്തം പോലും സാധിച്ചില്ല. കോടതിയില്‍ പോകാന്‍ മാത്രമാണു പുറത്തിറങ്ങിയത്. ബാക്കിസമയം വീട്ടുതടങ്കലിലായിരുന്നു. ഭാഗ്യത്തിന് ആ കൊടുങ്കാറ്റ് കെട്ടടങ്ങുകയും ഞാന്‍ അതിനെ മറികടക്കുകയും ചെയ്തു.'- ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ കട്ജു വിശദീകരിച്ചു.