അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ജന്മനാട്ടിലേക്ക് മാര്‍ച്ച് നടത്തിയ മഹാരാഷ്ട്രയില്‍നിന്നുള്ള കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു.

അമരാവതിയിലെ സ്വതന്ത്ര എം.എല്‍.എ. ബച്ചു കാഡുവിന്റെ നേതൃത്വത്തില്‍ നാഗ്പുരില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നാട്ടില്‍നിന്ന് മോദിയുടെ ഗ്രാമമായ വഡ്‌നഗറിലേക്കായിരുന്നു മാര്‍ച്ച്. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ വിളകളുടെ താങ്ങുവില ഉല്‍പ്പാദനച്ചെലവിന് ആനുപാതികമാക്കണമെന്നാണ് മുഖ്യ ആവശ്യം. പരുത്തി, തുവരപ്പരിപ്പ് തുടങ്ങിയവയുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെടുന്നു.

കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രമായ വിദര്‍ഭയില്‍നിന്നുള്ള ആയിരത്തോളം പേരെയും ഗുജറാത്തില്‍നിന്നുള്ള നാനൂറോളം പേരെയും അതിര്‍ത്തിയായ നവാപൂര്‍ ഗ്രാമത്തില്‍ അറസ്റ്റുചെയ്തതായി ഗുജറാത്ത് ഖേദുത് സമാജ് ജനറല്‍ സെക്രട്ടറി സാഗര്‍ റബാറി അറിയിച്ചു. ഏപ്രില്‍ 11-ന് ആരംഭിച്ച് 21-ന് വഡ്‌നഗറില്‍ എത്തി കര്‍ഷകര്‍ കൂട്ട രക്തദാനം നടത്തി പ്രതിഷേധിക്കാനായിരുന്നു ഉദ്ദേശിച്ചത്.