കെട്ടിടനിർമാതാക്കളിൽനിന്ന് ഉചിതമായ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മരട് ഫ്ലാറ്റുടമകൾ നൽകിയ പുനഃപരിശോധനാഹർജി തുറന്നകോടതിയിൽ കേൾക്കാമെന്ന് സുപ്രീംകോടതി. ഫ്ലാറ്റുടമകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേയോടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വാക്കാൽ സമ്മതിച്ചത്. ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കുമെന്ന് സംസ്ഥാനസർക്കാർ സത്യവാങ്മൂലം നൽകി.

ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാഹർജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. കെട്ടിടനിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന വിഷയം മാത്രമാകും ഇനി പരിഗണിക്കുക. മറ്റുചില വിഷയങ്ങൾ സിവിൽ കോടതിയിൽ ഉന്നയിച്ചുകൊള്ളാനും ഹർജിക്കാരോട് ആവശ്യപ്പെട്ടു. മരട് കേസ് ഇനി ജനുവരി രണ്ടാംവാരം കേൾക്കും.

മരടിലെ തീരദേശനിയമം ലംഘിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതിറിപ്പോർട്ട് സംസ്ഥാനസർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജനുവരി 11, 12 തീയതികളിലായി നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കും. സർക്കാർ മറ്റുചില ഇളവുകൾ ആവശ്യപ്പെട്ടപ്പോൾ, അതെല്ലാം സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ കമ്മിറ്റിക്കുമുമ്പാകെ പറയാൻ ജസ്റ്റിസ് അരുൺ മിശ്ര അനുമതി നൽകി.

ഫ്ലാറ്റുടമകൾക്കെല്ലാം ഒരു മാസത്തിനകം 25 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഒക്ടോബർ 25-ലെ സുപ്രീംകോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന് കമ്മിറ്റി ഉത്തരവിട്ടുകഴിഞ്ഞാൽ, ഫ്ലാറ്റുടമകളുടെ രേഖകളും മറ്റും പരിശോധിച്ചുറപ്പാക്കാൻ നാലാഴ്ച അനുവദിക്കണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം കമ്മിറ്റിക്കുമുമ്പാകെ ഉന്നയിച്ചുകൊള്ളാൻ സുപ്രീംകോടതി അനുമതി നൽകി. സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം നഷ്ടപരിഹാരം നൽകണമെങ്കിൽ തങ്ങളുടെ ആസ്തികൾ വിൽക്കേണ്ടിവരുമെന്നും അതിന് അനുമതി നൽകണമെന്നും കെട്ടിടനിർമാതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യവും കമ്മിറ്റിമുമ്പാകെ ഉന്നയിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ മരടിലെ ഫ്ലാറ്റുടമകൂടിയായ സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യഹർജിയും വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തത്കാലം പരിഗണിക്കുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു.

ഫ്ളാറ്റുകൾ പൊളിക്കാൻമാത്രം 90 ദിവസവും അവശിഷ്ടങ്ങൾ നീക്കി സ്ഥലം പഴയപടിയാക്കാൻ ആകെ 138 ദിവസവും വേണ്ടിവരുമെന്നാണ് സെപ്റ്റംബർ 27-ന് സർക്കാർ അറിയിച്ചത്.

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരേ നൽകിയ പുനഃപരിശോധനാഹർജി തള്ളിയിരുന്നു. തുടർന്ന് ഗോൾഡൻ കായലോരക്കാർ മാത്രമാണ് തിരുത്തൽഹർജി നൽകിയത്. ഫ്ളാറ്റുകൾ ഉടൻ പൊളിച്ചേക്കുമെന്നതിനാൽ വേഗംതന്നെ തിരുത്തൽ ഹർജി പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന്‌ കത്തെഴുതിയത്.

ഫ്ലാറ്റുടമകൾക്ക് 27.99 കോടി നൽകി -സർക്കാർ

ഫ്ലാറ്റുടമകൾക്ക്‌ നൽകാനുള്ള 61.50 കോടി രൂപയിൽ 27.99 കോടി നൽകിക്കഴിഞ്ഞതായി സംസ്ഥാനസർക്കാർ അറിയിച്ചു. മൂന്ന് ബിൽഡർമാരുടെ അക്കൗണ്ടുകളും ആസ്തികളും കണ്ടുകെട്ടി. കെട്ടിടനിർമാതാക്കളോട് 61.50 കോടി രൂപ അധികമായി കെട്ടിവെക്കാൻ നിർദേശിക്കണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.

എഡിഫിസ് എൻജിനിയറിങ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഏർപ്പെടുത്തിയത്. ഹോളിഫെയ്ത്ത് എച്ച്2ഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ എഡിഫിസും ആൽഫ സെറീൻ വിജയ് സ്റ്റീൽസുമാണ് പൊളിക്കുക. ജനുവരി 11-ന് ഹോളിഫെയ്ത്തും ആൽഫ സെറീനും പൊളിക്കും. ജനുവരി 12-നാണ് ഗോൾഡൻ കായലോരവും ജെയിൻ കോറൽകോവും പൊളിക്കുകയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചു. നവംബർ 15-നകം നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണമെന്നാണ് കമ്മിറ്റി നിർദേശിച്ചത്. അന്നുവരെ 279 ഫ്ലാറ്റുകളുടെ ഉടമകളാണ് അപേക്ഷ നൽകിയത്. അതിൽ 257 ഫ്ലാറ്റുടമകൾക്ക് 25 ലക്ഷംരൂപവീതം കമ്മിറ്റി അനുവദിച്ചു.

പൊളിക്കണമെന്ന ഉത്തരവിൽ മാറ്റമില്ല

മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന മേയ് എട്ടിലെ ഉത്തരവ് സുപ്രീംകോടതി ഇളവുചെയ്തിട്ടില്ല. തീരദേശ പരിപാലനനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ചില അഭിഭാഷകർ പറഞ്ഞുതുടങ്ങിയെങ്കിലും ജസ്റ്റിസുമാരായ അരുൺ മിശ്ര, ഇന്ദിരാ ബാനർജി എന്നിവരുടെ ബെഞ്ച് പ്രോത്സാഹിപ്പിച്ചില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതിനടപടിയെന്നും അവർ വാദം തുടർന്നപ്പോൾ, ജസ്റ്റിസ് അരുൺ മിശ്ര തടഞ്ഞു. ഒച്ചവെക്കാൻ ഇത്‌ നിങ്ങളുടെ മരട് ഫ്ലാറ്റല്ലെന്ന് ജസ്റ്റിസ് മിശ്ര മുന്നറിയിപ്പുനൽകി.

Content Highlights; Maradu flat case Supreme court