ന്യൂഡൽഹി: മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും മുമ്പ്‌ അറിയിച്ചതുപോലെ പൊളിച്ചുനീക്കിയതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാനസർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും.

ഫ്ളാറ്റുകൾ പൊളിക്കാനുള്ള മേയ് എട്ടിലെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നുകണ്ട് സുപ്രീംകോടതി സ്വമേധയാ പരിഗണിച്ച കേസാണ് തിങ്കളാഴ്ച വീണ്ടും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലെത്തുന്നത്. ഫെബ്രുവരി ഒമ്പതിനകം ഫ്ളാറ്റുകൾ നിന്നിരുന്ന സ്ഥലം പൂർവസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബർ 25-ന് സുപ്രീംകോടതിയെ അറിയിച്ചത്. അതായത് ഒരുമാസത്തിനകം പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളെല്ലാം നീക്കംചെയ്ത് സ്ഥലം പൂർവസ്ഥിതിയിലാക്കണം. ഫ്ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം, ബിൽഡർമാർ ഉന്നയിച്ച വിഷയങ്ങൾ എന്നിവയെല്ലാം സുപ്രീംകോടതി നിർദേശിച്ചപ്രകാരമുണ്ടാക്കിയ കമ്മിറ്റിക്ക് മുൻപാകെ പറയാനാണ് ആവശ്യപ്പെട്ടിരുന്നത്. അതിൽ തീർപ്പാവാത്ത വിഷയങ്ങൾ ഒരുപക്ഷേ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടേക്കും.

ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട് നാലുമാസം കഴിഞ്ഞിട്ടും അത്‌ നടപ്പാക്കാത്തതിനെത്തുടർന്നാണ് സുപ്രീംകോടതി വീണ്ടും ഇടപെട്ടത്. ഫ്ളാറ്റുകൾ പൊളിക്കാത്തതിനെതിരേ ആരും കോടതിയലക്ഷ്യഹർജി നൽകിയിരുന്നില്ല. സ്വമേധയാ കേസ് പരിഗണിച്ച കോടതി ചീഫ് സെക്രട്ടറി ടോം ജോസിനെ നേരിട്ട് വിളിച്ചുവരുത്തി. എത്രദിവസംകൊണ്ട് ഫ്ളാറ്റ് പൊളിച്ചുതീർക്കുമെന്ന വിശദമായ പദ്ധതി റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നടന്നെന്നാകും സംസ്ഥാന സർക്കാർ തിങ്കളാഴ്ച ബോധിപ്പിക്കുക.

Content Highlights: maradu flat case; government will submit report in supreme court today after demolition