ന്യൂഡല്‍ഹി: മരട് ഫ്ലാറ്റുകേസില്‍ കക്ഷിചേരാന്‍ ഉടമകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ വാദം കേള്‍ക്കുന്നില്ലെന്ന് ഉടമ സെസില്‍ ജോസഫ് വെള്ളിയാഴ്ച കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കക്ഷിചേരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുവദിക്കുകയായിരുന്നു.

ഈയാവശ്യമുന്നയിച്ചുള്ള മറ്റു ഫ്ലാറ്റുടമകളുടെയും അപേക്ഷകൾ സ്വീകരിക്കാന്‍ സുപ്രീംകോടതി രജിസ്ട്രിയോട് ബെഞ്ച് നിർദേശിച്ചു. ഫ്ലാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയോട് ബെഞ്ച് നിർദേശിച്ചു. എന്നാല്‍, രഹസ്യസ്വഭാവമുള്ള രേഖകളുടെ പകര്‍പ്പ് നല്‍കേണ്ടെന്നും ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിർദേശമുണ്ട്.

ഫ്ലാറ്റുടമകള്‍ക്ക് തീറാധാരത്തില്‍ പറഞ്ഞിരിക്കുന്ന തുക പരിഗണിക്കാതെ 25 ലക്ഷം രൂപവീതം ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വെള്ളിയാഴ്ച സര്‍ക്കാരിനോടു നിർദേശിച്ചിരുന്നു. 10 വര്‍ഷംമുമ്പു വാങ്ങിയ ഫ്ലാറ്റുകളുടെ വിപണിവില ഇപ്പോള്‍ പലമടങ്ങ് കൂടിയിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് എല്ലാ ഉടമകള്‍ക്കും 25 ലക്ഷം രൂപവീതം നല്‍കാന്‍ നിർദേശിക്കുന്നതെന്ന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

തീറാധാരത്തില്‍ വില കുറച്ചാണ് കാണിച്ചിരിക്കുന്നതെങ്കിലും ഫ്ലാറ്റുവാങ്ങാന്‍ കൂടുതല്‍ തുക നല്‍കിയിട്ടുണ്ടെങ്കില്‍ അതു തെളിയിക്കുന്ന രേഖകള്‍ ഉടമകള്‍ സമിതിമുമ്പാകെ ഹാജരാക്കണം. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ ബാങ്കില്‍നിന്ന് വായ്പയെടുത്തതുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്ന് ബെഞ്ച് സമിതിയോട് ആവശ്യപ്പെട്ടു. ഫ്ലാറ്റുകളിലെ സാധനങ്ങള്‍ മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യം സമിതിക്കുമുമ്പാകെ ഉന്നയിക്കാന്‍ ബെഞ്ച് ഉടമകളോട്‌ നിർദേശിച്ചു.