ന്യൂഡൽഹി: മരടിൽ അനധികൃത നിർമാണത്തിന് അനുമതിനൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിക്കണമെന്ന വാദമുയർന്നപ്പോൾ, കാത്തിരിക്കൂ എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പ്രതികരണം.

അനധികൃത നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും അവർക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഫ്ളാറ്റുടമകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. എന്നാൽ, നമുക്ക് അല്പംകൂടി കാത്തിരിക്കാമെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ പ്രതികരണം. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമതീർപ്പുകല്പിച്ചിട്ടില്ല. പല വിഷയങ്ങളും ഇനിയും കാത്തിരിക്കണമെന്നും കോടതി പറഞ്ഞു.

അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ 40 ദിവസം വേണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസെൽ ജി. പ്രകാശ് ആവശ്യപ്പെട്ടു. മറ്റു വിഷയങ്ങൾ കൂടിയുള്ളതിനാൽ നാലാഴ്ചയ്ക്കകം കേസ് പരിഗണിക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

സിവിൽ കോടതിയെ സമീപിക്കുമ്പോൾ വൻതുക കെട്ടിവെക്കേണ്ടിവരുന്നതിനാൽ നഷ്ടപരിഹാര വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. എന്നാൽ, ഹൈക്കോടതിക്ക് തെളിവെടുക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തയ്യാറായില്ല. പ്രത്യേക അപേക്ഷ നൽകിയാൽ പരിശോധിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. സ്വത്തുക്കൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നിർമാതാക്കൾ ഉന്നയിച്ച വിഷയങ്ങളിലും പ്രത്യേക അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടു.

Content Highlights: Maradu case Supreme Court