സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സി.ആർ.പി.എഫുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു വനിതകൾ ഉൾപ്പെടെ നാലു മാവോവാദികൾ കൊല്ലപ്പെട്ടു. സി.ആർ.പി.എഫിന്റെ പ്രത്യേകസേനയായ കോബ്രയും മാവോവാദികളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിൽ വനിതയടക്കം രണ്ടുപേർ മാവോവാദികളുടെ സായുധവിഭാഗത്തിൽ പെട്ടവരാണ്. ദുധി ഹിദ്മ, ആയ്തേ എന്നിവരാണവർ. സൗത്ത് ബസ്തറിൽ അനവധി ആക്രമണങ്ങളിൽ പങ്കാളികളായ ഇവരുടെ തലയ്ക്ക് സർക്കാർ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ബാക്കി രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

മാവോവാദികളിൽനിന്ന് നാലുതോക്കുകൾ കണ്ടെടുത്തു. കർകങ്ങുട ഗ്രാമത്തിൽ രാവിലെ ആറുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഡി.ഐ.ജി. (മാവോവാദി വിരുദ്ധ ദൗത്യവിഭാഗം) സുന്ദർ രാജ് പി.ടി.ഐ. വാർത്താ ഏജൻസിയോടു പറഞ്ഞു.

വിവിധ ഏറ്റുമുട്ടലുകളിലായി 17 മാവോവാദികളെയാണ് ഈ വർഷം കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Content Highlights: Maoists Killed in chhattisgarh