ബെംഗളൂരു: മാനസികാരോഗ്യത്തിനായുള്ള ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികൾ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ആൻഡ് ന്യൂറോളജിക്കൽ സയൻസസിനോട്(നിംഹാൻസ്) മന്ത്രി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നയത്തിന് രൂപം നൽകും. നിംഹാൻസിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പരമ്പരാഗത കുടുംബഘടനയെപ്പറ്റി വിദഗ്ധർ പഠനം നടത്തണമെന്നും മാനസിക പ്രശ്നങ്ങൾ തനിയെ ഇല്ലാതെയാകുന്നതാണ് ആ കുടുംബഘടനയെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നമ്മുടെ ഉത്സവങ്ങളെല്ലാം മാനസിക ചികിത്സകളാണ്. മതപരമായ കൂടിച്ചേരലുകളും സാമൂഹിക പരിപാടികളും രാവിലെയും വൈകീട്ടുമുള്ള പ്രാർഥനകളും ആരതിയുമെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യം മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കണം. -മന്ത്രി വിശദീകരിച്ചു.

ബിരുദദാന സമ്മേളനം

നിംഹാൻസിന്റെ 25-ാമത് ബിരുദദാന സമ്മേളനം ഞായറാഴ്ച നടന്നു. അർഹരായ വിദ്യാർഥികളും ഗവേഷകരും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും സ്വീകരിച്ചു. മൻസുഖ് മാണ്ഡവ്യ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകർ, ദേശീയ ആരോഗ്യ വകുപ്പ് ഡയറക്ടർ വികാസ് ഷീൽ, നിംഹാൻസ് ഡയറക്ടർ ഡോ. പ്രതിമ മൂർത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.