പനജി: ഞായറാഴ്ച അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കറുടെ മൃതദേഹം പനജിയിലെ മിറാമറിൽ പൂർണ ഔദ്യോഗികബഹുമതികളോടെ സംസ്കരിച്ചു. മിരാമിർ കടപ്പുറത്ത് വൈകീട്ട് അഞ്ചിന് നടന്ന ചടങ്ങിൽ മക്കളായ ഉത്പൽ പരീക്കറും അഭിജിത്ത് പരീക്കറും ചിതയ്ക്ക് തീകൊളുത്തി.

നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബി.ജെ.പി. നേതാക്കൾ തുടങ്ങിയവർ തങ്ങളുടെ സഹപ്രവർത്തകന് അന്ത്യോപചാരം അർപ്പിച്ചു. പരീക്കറുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മുൻ പ്രതിരോധമന്ത്രിക്ക്‌ ആദരം അർപ്പിക്കാൻ പ്രത്യേക കേന്ദ്രമന്ത്രിസഭായോഗം ഡൽഹിയിൽ ചേർന്നിരുന്നു.

പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പനജിയിലെത്തിയത്. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെയോടെ വിലാപയാത്രയായി ബി.ജെ.പി. സംസ്ഥാന ഓഫീസിൽ എത്തിച്ച്‌ പൊതുദർശനത്തിന് വെച്ചു. ആയിരക്കണക്കിന് പ്രവർത്തകർ വിലാപയാത്രയിൽ അണിനിരന്നു.

പദവിയിലിരിക്കേ മരിക്കുന്ന രാജ്യത്തെ 17-ാം മുഖ്യമന്ത്രിയാണ് പരീക്കർ. ഗോവയിൽ മുഖ്യമന്ത്രിയായിരിക്കേ മരിക്കുന്ന രണ്ടാമനാണ് പരീക്കർ. 1973-ൽ അന്തരിച്ച ദയാനന്ദ ബൻഡോക്കറാണ് ഗോവയിൽ മുഖ്യമന്ത്രിയായിരിക്കേ മരിച്ച ആദ്യ നേതാവ്. മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി നേതാവായിരുന്നു അദ്ദേഹം.