ന്യൂഡൽഹി: ഹരിയാണ മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടറും ഉപമുഖ്യമന്ത്രിയായി ദുഷ്യന്ത് ചൗട്ടാലയും ദീപാവലിദിനമായ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ ഉച്ചതിരിഞ്ഞ് 2.15-നാണു ചടങ്ങ്.

ഛണ്ഡീഗഢിൽ ശനിയാഴ്ച രാവിലെ ചേർന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം ഖട്ടറെ നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ ഖട്ടറും ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാലയും സ്വതന്ത്രരും ഗവർണർ സത്യദേവ് നാരായൺ ആര്യയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.

നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ സുഭാഷ് ബരാല, പാർട്ടിചുമതലയുള്ള അനിൽ ജെയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഖട്ടറിന്റെ വാദം അംഗീകരിച്ച ഗവർണർ ബി.ജെ.പി.-ജെ.ജെ.പി. സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു.

ജെ.ജെ.പി.യുടെ പിന്തുണയോടെ സുസ്ഥിരവും സത്യസന്ധവുമായ സർക്കാർ രൂപവത്കരിക്കുമെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഖട്ടർ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുന്ന ഏഴു സ്വതന്ത്രരും 10 ജെ.ജെ.പി. അംഗങ്ങളുമുൾപ്പെടെ 57 പേരുടെ പട്ടിക ഗവർണർക്കു ഖട്ടർ കൈമാറിയിരുന്നു.

ക്രിമിനൽകേസുകളിൽ പ്രതിയായ ഹരിയാണ ലോക്ഹിത് പാർട്ടി നേതാവ് ഗോപാൽ കാംഡെ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വീകരിക്കേണ്ടെന്നു വെച്ചു. ബി.ജെ.പി.ക്കുള്ളിൽനിന്ന് ഉമാഭാരതിയടക്കമുള്ളവരും പ്രതിപക്ഷകക്ഷികളും വിമർശനമുയർത്തിയതിനെത്തുടർന്നാണിത്. ഏലനാബാദിൽനിന്ന് ജയിച്ച ഏക ലോക്ദൾ അംഗവും പാർട്ടിനേതാവുമായ അഭയ് ചൗട്ടാല പിന്തുണയ്ക്കാൻ തയ്യാറായിരുന്നെങ്കിലും ദുഷ്യന്തിന്റെ വരവോടെ അതും ബി.ജെ.പി. തള്ളി.

ബി.ജെ.പി.ക്കും ഖട്ടറിനുമെതിരേ പ്രചാരണം നടത്തി വോട്ടുവാങ്ങിയശേഷം അവരെത്തന്നെ പിന്തുണയ്ക്കാനുള്ള ദുഷ്യന്തിന്റെ തീരുമാനം ജെ.ജെ.പി. അണികൾക്കിടയിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ദുഷ്യന്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഖട്ടറിനെതിരേ കർണാലിൽ മത്സരിച്ച ജെ.ജെ.പി. സ്ഥാനാർഥി തേജ്ബഹാദൂർ യാദവ് പാർട്ടിയിൽനിന്നു രാജിവെച്ചു.

വീണ്ടും അധികാരത്തിലേറുന്നതോടെ ഹരിയാണയിൽ ബി.ജെ.പി. ചരിത്രംരചിക്കുകയാണ്. 2014-ലാണ് ആദ്യമായി ബി.ജെ.പി. ഖട്ടറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു ഭരണത്തിലെത്തുന്നത്. മനോഹർലാൽ ഖട്ടർ വീണ്ടും മുഖ്യമന്ത്രിയായതോടെ, സോഷ്യലിസ്റ്റ് നേതാവായ ദേവിലാൽ, കോൺഗ്രസ് നേതാക്കളായ ബൻസിലാൽ, ഭജൻ ലാൽ എന്നിവർക്കുപിന്നാലെ ഒന്നിലധികംതവണ ഇവിടെ മുഖ്യമന്ത്രിയാകുന്ന ‘നാലാം ലാൽ’ ആവുകയാണ് ഇദ്ദേഹം.

ഹരിയാണ

ആകെ സീറ്റ് 90

കേവലഭൂരിപക്ഷത്തിന് 46

ബി.ജെ.പി. 40

ജെ.ജെ.പി. 10

സ്വതന്ത്രർ 7

ആകെ 57