ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) വർധന 2021 ജൂൺവരെ മരവിപ്പിക്കാനുള്ള തീരുമാനത്തെ മുൻപ്രധാനമന്ത്രി മൻമോഹൻസിങ് വിമർശിച്ചു. സർക്കാർ ഉദ്യോഗസ്ഥരെയും സൈനികോദ്യോഗസ്ഥരെയും കഷ്ടപ്പെടുത്തുന്ന നടപടി സ്വീകരിക്കേണ്ട ആവശ്യം ഈ ഘട്ടത്തിലില്ലെന്ന് കോൺഗ്രസ് ഉപദേശകസമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

കോവിഡിൻറെ പശ്ചാത്തലത്തിൽ 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ക്ഷാമബത്ത ജൂൺവരെ ധനമന്ത്രാലയം വ്യാഴാഴ്ച മരവിപ്പിച്ചിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സർക്കാർ തീരുമാനത്തെ എതിർത്തു. ഡൽഹി സൗന്ദര്യവത്കരണ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതാണ് പ്രശ്നമെന്ന് രാഹുൽ കുറ്റപ്പെടുത്തി. മധ്യവർഗത്തെ ചൂഷണം ചെയ്യുകയാണ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.

ബുള്ളറ്റ് തീവണ്ടി, ഡൽഹി സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികൾക്കായി ചെലവിടുന്നതു നിർത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടതെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു.

കുടിയേറ്റത്തൊഴിലാളികൾക്കായി സർക്കാർ ഈ പണം ചെലവിട്ടാൽ നന്നായിരിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ഡൽഹി സൗന്ദര്യവത്കരണത്തിൻറെ ഭാഗമായി മന്ത്രിമാർക്കും പാർലമെൻറിനും പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നതു നിർത്തിവെച്ചാൽ രണ്ടുമുതൽ രണ്ടര ലക്ഷം കോടിവരെ രൂപ ലാഭിക്കാമെന്ന് സുർജേവാല പറഞ്ഞു.

തീരുമാനത്തിനെതിരേ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും രംഗത്തെത്തി. അനാവശ്യ ചെലവുകൾ വെട്ടികുറയ്ക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Manohan Singh DA