ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർ അർപ്പിച്ച വിശ്വാസം തകർത്തതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജ്യത്തു നടക്കുന്ന വർഗീയകലാപങ്ങളിലും ആൾക്കൂട്ടക്കൊലകളിലും ഗോസംരക്ഷകരുടെ ആക്രമണങ്ങളിലും പ്രധാനമന്ത്രി മൗനംപാലിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ശശി തരൂർ എം.പി. രചിച്ച ‘ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ‌സിങ്.

മോദി തികഞ്ഞ വൈരുധ്യങ്ങൾ പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്. തരൂർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ അതു മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. താൻ എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണു മോദി അവകാശപ്പെട്ടിരുന്നത്. എന്നാൽ, വർഗീയ കലാപങ്ങളെക്കുറിച്ച് അദ്ദേഹം മൗനംപാലിക്കുകയാണ്. സി.ബി.ഐ.യിൽ എന്നതുപോലെ സർവകലാശാലകളിലെയും ദേശീയ സ്ഥാപനങ്ങളിലെയും അന്തരീക്ഷം കലുഷമാക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.