ന്യൂഡൽഹി: രാജ്യതാത്പര്യത്തിന്‌ വിരുദ്ധമായി മോദിസർക്കാർ ഒട്ടേറെ ചുവടുകൾ വെച്ചെന്നും ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ധനവിലക്കയറ്റത്തിനെതിരേ തിങ്കളാഴ്ച നടത്തിയ ഭാരതബന്ദിന്റെ ഭാഗമായി ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന പ്രതിഷേധറാലിയിലാണ്‌ സിങ് കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനം നടത്തിയത്.

രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവ്യവസ്ഥിതിയും സംരക്ഷിക്കാൻ ഭിന്നതകൾ മറന്ന് എല്ലാ പ്രതിപക്ഷപാർട്ടികളും ഒന്നിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ജനങ്ങൾക്കുനൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിക്കാൻ കേന്ദ്രത്തിന്‌ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ അഭിലാഷങ്ങൾ ഉൾക്കൊണ്ട് അവരുടെ ശബ്ദം ശ്രവിച്ച്‌ പ്രതിപക്ഷപാർട്ടികൾ മുന്നോട്ടുവരണം. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഇതാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.