ചെന്നൈ: ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി മദ്യലഹരിയിൽ ജീവനുള്ള മീനിനെ വിഴുങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു. ഹൊസൂർ പാർവതി നഗറിൽ താമസിക്കുന്ന എസ്. വെട്രിവേലാണ് (22) മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.

കെട്ടിടനിർമാണ തൊഴിലാളിയായ ഇയാൾ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനായാണ് തടാകത്തിലെത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇതിനിടയിലാണ് പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്‌ടോക്കിലിടാമെന്ന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിച്ചത്. അങ്ങനെ വെട്രിവേൽ മീൻ വിഴുങ്ങി. സുഹൃത്തുക്കൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾതന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരനിലയിലായി. അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ ചിത്രീകരണം ഉപേക്ഷിച്ച് സുഹൃത്തുക്കൾ യുവാവിനെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ അതിനകംതന്നെ മരിച്ചതായി ഹൊസൂർ ടൗൺ പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണോ യുവാവ് മീൻവിഴുങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highllight: Man swallows living fish for forTikTok