ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾ വലിയ സ്വപ്‌നങ്ങൾ കാണുന്നവരാണെന്നും വലിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്യന്തികമായി ഇതാണ് പുതിയ ഇന്ത്യ. ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പ്രഭാഷണപരമ്പരയുടെ അമ്പതാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘മൻ കി ബാത്തി’ലൂടെ യുവാക്കളുമായി നിരന്തരം സംസാരിക്കാനാണ് താൻ ശ്രമിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരിൽനിന്ന് പഠിക്കാൻ ശ്രമിക്കുന്നു. യുവാക്കൾ എപ്പോഴും ആശയങ്ങളുടെ ഭണ്ഡാരമാണ്. അവർ വളരെ ഊർജസ്വലരും പുതിയത് കണ്ടെത്തുന്നവരുമാണ്. അവർ‌ക്ക് വെറുതെ കളയാൻ സമയമില്ല. മൾട്ടി ടാസ്കിങ്ങിൽ കഴിവുറ്റവരാണ്. സ്റ്റാർട്ടപ്പുകളാണെങ്കിലും സ്‌പോർട്സാണെങ്കിലും സമൂഹത്തിൽ ഏതുമാറ്റവും കൊണ്ടുവരുന്നത് യുവാക്കളാണ്. യുവാക്കളുടെ ചിന്താഗതികളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നാൽ, അവർക്ക് പ്രകടിപ്പിക്കാൻ തുറന്ന അന്തരീക്ഷം നൽകിയാൽ രാജ്യത്ത് പുരോഗമനാത്മക മാറ്റങ്ങൾ കൊണ്ടുവരാനാകും.

കുടുംബത്തിനുള്ളിൽ പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള സംസാരങ്ങളും ചർച്ചകളും കുറഞ്ഞുവരുന്നത് പരിമിതിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുമായി സംസാരിക്കുന്നതിന്റെ പരിധി ചുരുങ്ങിയിരിക്കുന്നു. പ്രതീക്ഷിക്കുന്നതിന് പകരം അംഗീകരിക്കുക, തിരസ്‌കരിക്കുന്നതിന് പകരം ചർച്ചനടത്തുക എന്നതായിരിക്കണം സമീപനമെന്ന് മോദി അഭിപ്രായപ്പെട്ടു. മൻ കി ബാത്തിൽനിന്ന് മനപ്പൂർവം താൻ രാഷ്ട്രീയം ഒഴിവാക്കുകയായിരുന്നെന്നും പ്രഭാഷണപരമ്പര ജനങ്ങളിൽ ക്രിയാത്മകമായ ചിന്താഗതി വളർത്തിയെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു.